വിശ്വനാഥൻ ആനന്ദിനെയും തളച്ചു; ചെസ് മൽസരങ്ങളിലെ സുവർണതാരം

ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ പൂട്ടിയ കൊച്ചുപയ്യന്‍ നിഹാല്‍ സരിന്‍ ഏറെ ആത്മവിശ്വാസത്തിലാണ്. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിനു ശേഷം നിഹാല്‍ സരിന്‍ തൃശൂരില്‍ മടങ്ങിയെത്തി.  

പതിനാലാം വയസില്‍ നിഹാല്‍ സരിന് ചെസ് ബോര്‍ഡില്‍ സ്വപ്നതുല്യമായ നേട്ടമാണ് കൈവരിക്കാനായത്. ടാറ്റാ സ്റ്റീല്‍ രാജ്യാന്തര റാപ്പിഡ് ചെസ് മല്‍സരത്തില്‍ എട്ടാം റൗണ്ടിലാണ് നിഹാല്‍ സരിന്‍, വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ പിടിച്ചത്. എട്ടുകളിയില്‍ ആറെണ്ണത്തിലും സമനില പിടിച്ച നിഹാല്‍ പിടികൂടിയതെല്ലാം വലിയ താരങ്ങളെയായിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ അസിസ്‌റ്റന്റ് പ്രഫസർ അയ്യന്തോൾ ശ്രുതിയിൽ ഡോ. എ.സരിന്റെയും സൈക്യാട്രിസ്‌റ്റ് ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മകനായ നിഹാൽ കുറച്ചുനാൾ മുൻപ്  ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു.‌‌‌‌

നിഹാലിനെ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെസ് പഠിപ്പിച്ച അധ്യാപകനാണിത്. കോട്ടയം സ്വദേശി മാത്യു പോട്ടൂര്‍. വിശ്വനാഥന്‍ ആനന്ദിനെ പ്രിയപ്പെട്ട ശിഷ്യന്‍ സമനിലയില്‍ തളച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ ഗുരു.

ഇന്ത്യയുടെ അൻപത്തിമൂന്നാം ഗ്രാൻഡ്മാസ്റ്ററാണു പതിനാലുകാരനായ നിഹാൽ. ലോക യൂത്ത് ചെസ് ഒളിംപ്യാഡിൽ  സ്വർണം കൊയ്ത നിഹാൽ അണ്ടർ 14 ലോക ഒന്നാം നമ്പർ താരമായിരുന്നു.