'അയർലൻഡിനെതിരെ സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കില്ല: പുറത്തിരിക്കേണ്ടിവരും'

ഒക്ടോബറില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് എല്ലാ രാജ്യങ്ങളും തന്ത്രങ്ങള്‍ മെനയുന്നത്.താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്.രോഹിത് ശര്‍മ,വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.സ്ഥിരതയില്ലായ്മയാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് പ്രതികൂലമായ ഘടകം.ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും രാജ്യാന്തരതലത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ സ​ഞ്ജു പരാജയമാണ്.

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. 17 അംഗ ടീമിലുണ്ടെങ്കിലും സഞ്ജു സാംസണും രാഹുൽ ത്രിപാഠിക്കും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ആകാശ് ചോപ്ര സ്വന്തം യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ഡബ്ലിനിൽ ജൂൺ 26നും 28നുമാണ് രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പര നടക്കുന്നത്.

‘വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇല്ലാത്ത സാഹചര്യത്തിൽ നാലാം നമ്പരിൽ ആര് ഇറങ്ങുമെന്നതാണു പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി ഇവരിൽ ആര് കളിക്കും? മൂന്നാം നമ്പരിൽ സൂര്യകുമാർ യാദവുണ്ട്. ഓപ്പണർമാരായി ഇഷാൻ കിഷനും ഋതുരാജ് ഗെയ്‍ക്‌വാദും കളിക്കും. താരതമ്യപ്പെടുത്തുകയാണെങ്കിൽ ദീപക് ഹൂഡയാണ് കളിക്കേണ്ടത്.’

ഹാർദിക് പാണ്ഡ്യ നാലാമനായി ബാറ്റിങ്ങിന് ഇറങ്ങിയാൽ ഹൂഡയെ അഞ്ചാമനായെങ്കിലും പരിഗണിക്കണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ‘അങ്ങനെയെങ്കില്‍ രാഹുൽ ത്രിപാഠിക്കും സഞ്ജു സാംസണും പുറത്തിരിക്കേണ്ടിവരും. ആകെ രണ്ട് മത്സരങ്ങളാണുള്ളത്. എത്ര മാറ്റങ്ങളാണു പ്രതീക്ഷിക്കേണ്ടത്’– ആകാശ് ചോപ്ര ചോദിച്ചു.

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള  ടീമില്‍ ഇടം നേടിയെങ്കിലും ട്വന്‍റി 20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിന് ഇടം കിട്ടുക പ്രയാസമാണെന്നാണ് വിലയിരുത്തൽ. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും രാജ്യാന്തര തലത്തില്‍ സഞ്ജുവിന്‍റെ പ്രകടനം മികച്ചതല്ല. സഞ്ജുവിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കപില്‍ദേവും നേരത്തെ രംഗത്തെത്തിയാണ്. 

അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‍ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്ക്, യു‍സ്‍വേന്ദ്ര ചെഹൽ, അക്സർ പട്ടേൽ‌, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.