'റിട്ടയേഡ് ഔട്ടായി കാർത്തിക്കിനെ ബാറ്റിങ്ങിന് ഇറക്കാൻ ആലോചിച്ചു'; വെളിപ്പെടുത്തി ഡുപ്ലേസി

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ താനെടുത്ത നിർണായക തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലേസി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിനിടെ, റിട്ടയേഡ് ഔട്ടായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കിയാലോ എന്നു താൻ ആലോചിരിച്ചിരുന്നതായാണ് ഡുപ്ലേസി പ്രതികരിച്ചിരിക്കുന്നത്.

ഡുപ്ലേസിയുടെ ആലോചന 100 ശതമാനം ശരിവയ്ക്കുന്ന പ്രകടനമാണ് മത്സരത്തിൽ ദിനേഷ് കാർത്തിക് പുറത്തെടുത്തതും. വെറും 8 പന്തിൽ ഒരു ഫോറും 4 സിക്സും അടക്കം പുറത്താകാതെ 30 റൺസെടുത്ത കാർത്തികിന്റെ ബാറ്റിങ് മികവിലാണ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ 192 റൺസ് അടിച്ചുകൂട്ടിയത്. 

‘കാർത്തിക് ഇതുപോലെ സിക്സറുകൾ അടിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കിൽ കാർത്തിക്കിനെ നേരത്തെ ഇറക്കി പരമാവധി പന്തുകൾ കളിപ്പിക്കാനാകും എല്ലാവരും ശ്രമിക്കുക. സത്യം പറയാമല്ലോ, ഞാൻ നല്ല ക്ഷീണിതനായിരുന്നു. വല്ല വിധേനയും പുറത്തായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കാൻ ശ്രമിച്ചിരുന്നു. റിട്ടയേഡ് ഔട്ടാകുന്ന കാര്യം പോലും ആലോചിച്ചിരുന്നു.പക്ഷേ, ആ സമയത്തായിരുന്നു മാക്‌സ്‌വെല്ലിന്റെ പുറത്താകൽ. അവിശ്വസനീയമായ ബാറ്റിങ് ഫോമിലാണു കാർത്തിക്. വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു മുംബൈയിലേത്. ബാറ്റിങ്ങിന് ഇറങ്ങിയതിനു പിന്നാലെ അടിച്ചു തകർക്കാൻ എളുപ്പമുള്ള വിക്കറ്റായിരുന്നില്ല അത്. പക്ഷേ, കാർത്തികിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. മറ്റു ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ചപ്പോഴും കാർത്തിക് അടിച്ചു തകർത്തു,’ എന്നാണ് ഡുപ്ലേസിയുടെ പറഞ്ഞിരിക്കുന്നത്. 

രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിന്റെ പേരിലാണ് ഐപിഎൽ ചരിത്രത്തിൽ ആദ്യമായി റിട്ടയേ‍‍ഡ് ഔട്ടാകുന്ന താരത്തിനുള്ള റെക്കോർഡ്. ഡെത്ത് ഓവറുകളിൽ റിയാൻ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാനായിരുന്നു ഔട്ടാകാതെ തന്നെ അശ്വിൻ ഇന്നിങ്സ് മതിയാക്കി മടങ്ങിയത്.