'അന്ന് ഓടിയ ഓട്ടം': ചാംപ്യന്‍ വി.മുരളീധരന്‍ പറയുന്നു

ടോക്കിയോ ഒളിംപിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മല്‍സരങ്ങള്‍ ഇന്നുതുടങ്ങുന്നു. ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കായികലോകം. ഇന്ത്യയും മെ‍ഡല്‍ പ്രതീക്ഷയിലാണ്. ട്രാക്കില്‍ നിന്നോ ഫീല്‍ഡില്‍ നിന്നോ ഒരുമെഡല്‍ നേട്ടം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ അത്്ലറ്റിക്സ് സംഘം. ദീര്‍ഘദൂര ഓട്ടത്തില്‍ പ്രതീക്ഷയില്ലെങ്കിലും നടത്തത്തില്‍ ഇന്ത്യ മലയാളിതാരം   കെ.ടി.ഇര്‍ഫാനിലൂടെ ഒരു മെഡല്‍ സ്വപ്നം കാണുന്നു. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെയും ഇന്ത്യ മെഡല്‍ സ്വപ്നം കാണുന്നു. ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയെ തേടിയുള്ള പോരാട്ടത്തിന് അമേരിക്കയുടെ ട്രോയ് വോണ്‍ ബ്രോമല്‍ , റൂണി ബേക്കര്‍, എന്നിവരും ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയ്നും ആണുള്ളത്. വനിതാ വിഭാഗത്തിലെ വേഗതാരത്തിനുള്ള പോരാട്ടത്തില്‍ ജമൈക്കന്‍ താരങ്ങളാണ് മുന്നില്‍.  ഷെല്ലി ആന്‍ഫ്രേസര്‍, എലെയ്ന്‍ തോംപ്സണ്‍, ഷെക്കീറ ജാക്ക്സണ്‍ എന്നിവരാണ് വേഗത്തിന്റെ ട്രാക്കില്‍ മാറ്റുരയ്ക്കുന്നത്. 

ഓട്ടത്തിന് സാക്ഷ്യം വഹിച്ച് തലശേരി ബ്രണ്ണന്‍ കോളജ്

ട്രാക്കില്‍ മികവ് തെളിയിച്ച് യൂണിവേഴ്സിറ്റി മല്‍സരങ്ങളില്‍ ദീര്‍ഘദൂര ഓട്ടത്തിലും നടത്തത്തിലും ചാംപ്യനായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഇപ്പോള്‍   രാഷ്ട്രീയത്തിന്റെ ട്രാക്കിലാണ്. ഓട്ടത്തിന്റെ ട്രാക്ക് മാറ്റിപ്പിടിച്ചത് ശാസത്രീയ പരിശീലനം തുടരുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും പൊതുപ്രവര്‍ത്തനത്തോടുള്ള താല്‍പര്യവും കൊണ്ടാണ് സ്പോര്‍ട്സ് വിട്ട് രാഷ്ട്രീയം നിലനിര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു. തലശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്നാണ് അദ്ദേഹം ഇന്റര്‍ കോളജീയറ്റ് മല്‍സരത്തില്‍ ചാംപ്യനായത്. ദീര്‍ഘദൂര ഓട്ടത്തത്തിനായുള്ള പരിശീലന സൗകര്യങ്ങള്‍ കോളജില്‍ ഉണ്ടായിരുന്നില്ല. റോഡിലൂടെയായിരുന്നു പരിശീലനം ആദ്യകാലങ്ങളില്‍ നടത്തിയത്. പിന്നീട് റോഡില്‍ തിരക്കേറിയപ്പോള്‍ അത് വലിയ റിസ്കായി തോന്നുകയും ഒപ്പം പൊതുപ്രവര്‍ത്തകനായി മികവ് തെളിയിക്കാനുള്ള ആഗ്രഹവും കാരണം അദ്ദേഹം ട്രാക്ക് വിട്ട് രാഷ്ട്രീയ ട്രാക്കിലേക്ക് ഇറങ്ങി. ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിക്കുന്നു. 

മലയാളികളുടെ സാധ്യത

അത്്‌ലറ്റിക്സില്‍ മില്‍ഖ സിങ്ങിന്റെയും പി.ടി.ഉഷയുടെയും മിന്നും പ്രകടനങ്ങള്‍ എക്കാലത്തും ഇന്ത്യയ്ക്ക് പ്രചോദനം ആണെന്ന് വി.മുരളീധരന്‍ പറയുന്നു. നടത്തത്തില്‍ മലയാളിതാരമായ ഇര്‍ഫാനും ലോങ് ജംപില്‍ ശ്രീശങ്കറും മെഡല്‍ സാധ്യതയുള്ള താരങ്ങള്‍ ആണെന്നും എന്നാല്‍ മല്‍സരദിനത്തിലെ പ്രകടനം നിര്‍ണായകം ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കായികലോകത്തേക്ക് ആകര്‍ഷിക്കാനുള്ള സമഗ്രപദ്ധതിയാണ് ഒളിംപിക്സിലെ മെഡ‍ല്‍ത്തിളക്കത്തിന് വേണ്ടതെന്നും അദ്ദേഹം പറയുന്നു.