മുരളീധരനുള്ള എസ്കോർട്ടും പൈലറ്റും പിൻവലിച്ചു; പൊലീസ് വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരനു നൽകിയിരുന്ന സുരക്ഷാ എസ്കോർട്ടും പൈലറ്റ് വാഹനവും സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് ഇതു രണ്ടും നൽകിയില്ല. ഗൺമാനെ മാത്രമാണു വിട്ടുനൽകിയത്.

എസ്കോർട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തിൽ എത്തിയ ഗൺമാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗൺമാൻ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണ് ഗൺമാൻ കയറിയത്.

ട്രാഫിക് പ്രശ്നങ്ങളില്ലാതെ മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനാണ് പൈലറ്റ് വാഹനമെന്നും ഗൺമാന്റെ സേവനം അത്യാവശ്യമില്ലെന്നും അറിയിച്ചതോടെ നഗരത്തിൽ ബേക്കറി ജംക്‌ഷനിൽ ഗൺമാൻ ബിജു ഇറങ്ങി. വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രമന്ത്രിക്ക്.

വൈ കാറ്റഗറിയിൽ ഗൺമാനു പുറമേ താമസിക്കുന്ന സ്ഥലത്ത് 2 പൊലീസുദ്യോഗസ്ഥരുടെ സുരക്ഷ മാത്രമാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, 2 വർഷമായി കേരളത്തിലെത്തുമ്പോഴെല്ലാം എസ്കോർട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നൽകിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മാത്രമാണ് കാറ്റഗറിയിൽ പറ‍ഞ്ഞിട്ടുള്ളതിൽ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

തിരഞ്ഞെടുപ്പു കാലത്തു പോലും എസ്കോർട്ട് നൽകിയിരുന്നതാണെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. പ്രതികരിക്കാനില്ലെന്നും എന്തുകൊണ്ടു സുരക്ഷ പിൻവലിച്ചെന്നു പൊലീസിനോടാണു ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്രമന്ത്രി പതിവായി നടത്തുന്ന വിമർശനങ്ങൾ സംസ്ഥാന സർക്കാരിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു.