മക്കളുടെ പ്രായമുള്ളവർക്കൊപ്പം മത്സരം; നിറകണ്ണുകൾ;‘ ഒളിംപിക് അമ്മ’യുടെ പോരാട്ട ചരിത്രം

ഒളിംപിക്സിന്റെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ട പേരാണ്  ഒക്സാനയുടേത്. 29 വര്‍ഷത്തിനിടെ 8 ഒളിംപിക്സുകളില്‍ മല്‍സരിച്ച് ഇന്നലെ ടോക്കിയോയില്‍ നിറകണ്ണുകളോടെയാണ് താരം മടങ്ങിയത്1992 ബാർസിലോന ഒളിംപിക്സിൽ പതിനേഴുകാരിയായാണ്  ഒക്സാന ഷുസോവിറ്റിനയുടെ ഒളിംപിക്സ് ജിംനാസ്റ്റിക് അരങ്ങേറ്റം.. പിന്നെ 29 വര്‍ഷങ്ങള്‍.. 8 ഒളിംപിക്സുകള്‍..3 വ്യത്യസ്ത ടീമുകൾ, 2 മെഡലുകൾ...എന്നിങ്ങനെ പോകുന്ന ഒക്സാനയുടെ ചരിത്രം...

സൂപ്പർ താരം സിമോൺ ബൈൽസ് ജനിക്കുന്നതിന് 5 വർഷം മുൻപ് ഒക്സാന ഒളിംപിക് സ്വർണമെഡൽ നേടിയിട്ടുണ്ട്. 1992 ബാർസിലോന ഒളിംപിക്സിൽ ടീം ഇവന്റിലായിരുന്നു അത്. സോവിയറ്റ് യൂണിയൻ തകര്‍ന്നശേഷം നടന്ന ഒളിംപിക്സിൽ സോവിയറ്റ് രാജ്യങ്ങൾ ഒന്നിച്ച യൂണിഫൈഡ് ടീമിനു വേണ്ടിയാണ് ഒക്സാന മത്സരിച്ചത്. പിന്നീട് 1996 അറ്റ്ലാന്റ ഒളിംപിക്സിലും 2000ൽ സിഡ്നിയിലും 2004ൽ ആതൻസിലും ഉസ്ബെക്കിസ്ഥാൻ ടീമിനൊപ്പം. 2008ൽ ബെയ്ജിങ്ങിൽ ജർമനിക്കു വേണ്ടിയിറങ്ങി... 

1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിനിടെ പരിചയപ്പെട്ട ഉസ്ബെക്കിസ്ഥാൻ ഗുസ്തി താരം ബഖോദിർ കുർബനോവിനെയാണ് ഒക്സാന വിവാഹം കഴിച്ചത്. മകൻ അലിഷർ‌ പിറന്നത് 1999ൽ. മൂന്നാം വയസ്സിൽ അലിഷറിനു രക്താർബുദം സ്ഥിരീകരിച്ചപ്പോൾ സഹായമായെത്തിയത് ജർമനിയിലെ ടൊയോട്ട കൊളോൻ ക്ലബ്. പിന്നീട് മെജലുകളായിരുന്നില്ല ഒക്സാനയുടെ മനസില്‍, മകന്റെ ചികില്‍സയായിരുന്നു. അമ്മയുടെ സുവര്‍ണപ്രകടനം ഒന്ന് കൊണ്ട് മാത്രം അര്‍ബുദത്തെ പടിപടിയായി തോല്‍പിച്ചുകഴിഞ്ഞു ഇന്ന് ഇരുപത്തിരണ്ടുകാരനായ അലിഷര്‍.

മകന് രോഗം ഭേദമായതോടെയാണ് ചുസുവിറ്റിന് വീണ്ടും ജന്മനാടായ ഉസ്ബക്കിസ്ഥാനിലേയ്ക്ക് മടങ്ങി. റിയോ ഒളിമ്പിക്‌സില്‍ ജന്മനാടിനുവേണ്ടിയാണ് ചുസുവിറ്റിന മാറ്റുരച്ചത്. അന്ന് റിയോയില്‍ ചുസുവിറ്റിനയെ തോല്‍പിച്ച് സ്വര്‍ണമണിയുമ്പോള്‍ അമേരിക്കയുടെ സൂപ്പര്‍സ്റ്റാര്‍ സിമോണ്‍ ബൈല്‍സ് മകന്‍ അലിഷറേക്കാള്‍ ഇളയതായിരുന്നു.