വൃക്ക തന്ന് രക്ഷിക്കുമെന്ന് ബോബി പറഞ്ഞു; അഞ്ജു ബോബി ജോർജ് പറയുന്നു; വിഡിയോ

ഒറ്റ വൃക്കയുമായാണ് ജീവിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞശേഷം അതിനോട് പൊരുത്തപ്പെടാൻ നടത്തിയ ശ്രമങ്ങൾ വിവരിച്ച് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. 2003ലെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിന് 20 ദിവസം മുൻപു മാത്രമാണ് ഒറ്റ വൃക്കയുടെ കാര്യം അറിഞ്ഞതെന്ന് അഞ്ജു പറഞ്ഞു. ‘ദ് വീക്കി’ന്റെ ഒളിംപിക്സ് സ്പെഷൽ വിഡിയോ പരമ്പരയായ ‘നമസ്തേ ടോക്കിയോ’യിലാണ് അഞ്ജ ഇക്കാര്യം പറഞ്ഞത്. ഹെപ്റ്റത്തലണിൽ തുടങ്ങിയ കരിയർ ലോങ് ജംപിലേക്ക് വഴിമാറിയതും ഭർത്താവ് തന്നെ പരിശീലകനായ സാഹചര്യവുമെല്ലാം വിഡിയോയിൽ അഞ്ജു വിവരിച്ചു.

കരിയറിൽ സജീവമായിരുന്ന കാലത്ത് വന്ന ചില ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി നടത്തിയ പരിശോധനകളിലാണ് ഒറ്റ വൃക്കയുമായാണ് ജീവിതമെന്ന സത്യം തിരിച്ചറിഞ്ഞതെന്ന് അഞ്ജു പറഞ്ഞു. ‘കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളൊന്നും (ഒറ്റ വൃക്കയിലാണ് ജീവിതമെന്നത്) ആലോചിക്കാൻ പോലും സാധിക്കില്ല. കാരണം ലോകത്തിലെ ഏറ്റവും മികച്ചവരുമായാണ് നമ്മുടെ പോരാട്ടം’ – അഞ്ജു പറഞ്ഞു.

ഒറ്റ വൃക്കയുടെ കാര്യം തിരിച്ചറിഞ്ഞതോടെ 2003ലെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് പിൻമാറാനായിരുന്നു തന്റെ തീരുമാനമെന്ന് അഞ്ജു വെളിപ്പെടുത്തി. എന്നാൽ, പരിശീലകൻ കൂടിയായ ഭർത്താവ് ബോബി ജോർജാണ് പറഞ്ഞു മനസ്സിലാക്കിയതും പങ്കെടുക്കാൻ നിർബന്ധിച്ചതും. ‘എന്തെങ്കിലും സംഭവിച്ചാലും തന്റെ ഒരു വൃക്ക തന്ന് രക്ഷിക്കുമെന്ന് അന്ന് ബോബി പറഞ്ഞിരുന്നു’ – അഞ്ജു പറഞ്ഞു.

ഭർത്താവ് പകർന്നു നൽകിയ ആത്മവിശ്വാസത്തിൽ ജംപിങ് പിറ്റിലേക്കെത്തിയ അഞ്ജു, ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി ചരിത്രമെഴുതിയാണ് തിരികെ കയറിയത്. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അന്ന് അഞ്ജു മാറി. അനാവശ്യ നിയന്ത്രണങ്ങൾക്ക് മുതിരാതിരുന്നാൽ അദ്ഭുതങ്ങൾ കാട്ടാനുള്ള കഴിവ് മനുഷ്യ ശരീരത്തിനുണ്ടെന്ന് അഞ്ജു പറഞ്ഞു. ടോക്കിയോയിൽ രാജ്യത്തിനായി പോരാടാൻ തയാറെടുക്കുന്ന കായിക താരങ്ങൾക്ക് അഞ്ജുവിന്റെ ഉപദേശം ഇങ്ങനെ‌: ‘അശ്രദ്ധരാകാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ പരിശ്രമിക്കുക’!