മുരളീധരനെ കാണാൻ പോയതാണ്; ബിജെപിയിൽ ചേർന്നില്ല; വാർത്ത തള്ളി അഞ്ജു

ബിജെപിയിൽ ചേർന്നെന്ന വാർത്തകൾ തള്ളി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ബിജെപി അംഗത്വ ക്യാംപെയ്നിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്  ബി.എസ്.യെഡിയൂരപ്പയ്ക്കുമൊപ്പം അഞ്ജു  പാര്‍ട്ടി പതാകയേന്തി നിൽക്കുന്ന  ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപിയില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്.എന്നാല്‍ കുടുംബ സുഹൃത്തായ  വി.മുരളീധരനെ കാണാന്‍ പോയതാണെന്നും  അപ്പോള്‍ അവര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു ബോബി ജോർജ് വ്യക്തമാക്കി

ബിജെപി കർണാടക എന്ന ഫെയ്സ്ബുക്ക് പേജിലും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം വ്യപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അഞ്ജു രംഗത്തെത്തിയത്.