വേദിയിലേക്ക് വരാൻ പറഞ്ഞത് മുരളി സർ; 'പതാക' കണ്ട് തെറ്റിദ്ധരിച്ചു; അഞ്ജു പറയുന്നു

''എന്റെ മതം സ്പോർട്സ് ആണ്. രാഷ്ട്രീയവും അതുതന്നെ. സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാവരും എന്റെ പാർട്ടിക്കാരാണ് എന്നാണ് വിശ്വാസം''- ബിജെപിയിൽ ചേർന്നെന്ന തെറ്റായ വാര്‍ത്തകളോട് കായികതാരം അഞ്ജു ബോബി ജോർജിന് പറയാനുള്ളത് ഇതാണ്. കുടുംബസുഹൃത്തും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരനെ കാണാൻ ബെംഗളുരുവിലെത്തിയതിന് പിന്നാലെയാണ് അഞ്ജു ബിജെപിയിൽ ചേർന്നെന്ന വാര്‍ത്തകൾ പ്രചരിച്ചത്. അന്ന് സംഭവിച്ചത് എന്തെന്ന് അഞ്ജു മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ്. 

''മുരളി സാറിനെ (വി മുരളീധരൻ) കാണാൻ പോയതാണ് ഞാൻ. സ്പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്, സഹായം ആവശ്യമെങ്കിൽ പരസ്പരം ചെയ്യാറുണ്ട്. ഡല്‍ഹിയിൽ വരുമ്പോൾ കാണാമെന്നാണ് ഞാൻ കരുതിയത്. അപ്പോഴാണ് ബാംഗ്ലൂരിൽ സർ വരുന്നുണ്ടെന്ന് അറിഞ്ഞത്. മുൻപും ബാംഗ്ലൂർ വെച്ച് ഞങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 

''വൈകീട്ട് അഞ്ചരക്കാണ് ഞാനവിടെ ചെല്ലുന്നത്. പരിപാടി കഴിഞ്ഞാൽ അദ്ദേഹത്തിന് സമയമില്ലെന്നും വിമാനത്താവളത്തിലേക്ക് ഒരുമണിക്കൂർ ദൂരമുണ്ടെന്നും അറിഞ്ഞു. സർ തന്നെയാണ് വേദിയിലേക്ക് വരാനും അവിടെ വെച്ച് സംസാരിക്കാമെന്നും പറഞ്ഞതും. അങ്ങനെയാണ് സ്റ്റേജിലേക്കെത്തിയത്. അവിടെ നടക്കുന്നത് അംഗത്വ ക്യാംപെയിൻ ആണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിനും എനിക്കും മാത്രമായിരുന്നു എന്റെ വരവിന്റെ ഉദ്ദേശ്യം അറിയാമായിരുന്നത്. മാത്രമല്ല ഭാഷാപ്രശ്നവും ഉണ്ടായിരുന്നു. കന്നഡ എനിക്കത്ര വശമില്ലായിരുന്നു. 

''വേദിയിലെത്തിയപ്പോൾ അവർ ക്ഷണിച്ചു, സ്വീകരണം നല്‍കി. എല്ലാവരെയും ബിജെപിയുടെ പതാക നൽകിയാണ് അവർ സ്വീകരിച്ചത്. അതുപോലെ എന്നെയും സ്വീകരിച്ചു. അതാണുണ്ടായത്. വേദിയിൽ നിന്നിറങ്ങിയ ഉടനെ എനിക്ക് വിളി വന്നു. അപ്പോഴാണ് തെറ്റായ തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞത്. പതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ കണ്ടതോടെയാകാം തെറ്റിദ്ധാരണയുണ്ടായത്. മാത്രമല്ല, വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾക്കോ എന്റെ വരവിന്റെ ഉദ്ദേശ്യം അറിയില്ലായിരുന്നു. 

''കായികതാരങ്ങൾ ദേശീയ സ്വത്താണ്. എല്ലാവരും നമ്മുടെ ആളുകളാണ്. സ്പോർട്സ് ആണ് എന്റെ മതം, എന്റെ പാർട്ടിയും അതുതന്നെ. അതുകൊണ്ട് സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാവരും എന്റെ പാർട്ടിക്കാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

''എന്റെ മുൻഗണന സ്പോർട്സിനാണ്. സ്പോർട്സിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അതിൽക്കഴിഞ്ഞുള്ള മറ്റൊരു ലക്ഷ്യവും എനിക്കില്ല. രാജ്യം ഭരിക്കുന്ന സർക്കാരോ കേരള സർക്കാരോ സ്പോർട്സുമായി ബന്ധപ്പെട്ട എന്തുകാര്യത്തിന് സമീപിച്ചാലും ഒരു പൗരയെന്ന നിലയിൽ സഹകരിക്കും. അതെന്റെ ഉത്തരവാദിത്തമാണ്''- അഞ്ജു പറഞ്ഞു.