‘ഇന്ത്യൻ താരങ്ങള്‍ ബീഫ് കഴിച്ചു; ഇനി കളി കാണില്ല’; ട്വിറ്ററിൽ പോര്

കോവിഡ് മാനദണ്ഡം ലംഘിച്ച് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുകയാണ്. ഇതിനിടെ ട്വിറ്ററിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു വിഭാഗം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെത്തുടർന്നാണ് താരങ്ങൾക്കെതിരെ ഇക്കൂട്ടരുടെ വിമർശനം. ഇന്ത്യൻ താരങ്ങൾ ബീഫ് കഴിക്കുന്നുവെന്നും ഇന്ത്യൻ ടീമിന്‍റെ കളി ഇനി കാണില്ലെന്നുമാണ് ഒരുകൂട്ടം ആൾക്കാർ ട്വിറ്ററിൽ കുറിച്ചത്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ് നിർദ്ദേശിച്ചു. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറന്‍റീന്‍ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്വീൻസ്‌ലാൻഡ് എംപിയുടെ പ്രതികരണം.

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി ശ്രേയാസ് അയ്യർ എന്നീ ഇന്ത്യൻ താരങ്ങൾ റെസ്റ്റോറന്‍റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്.