‘ആള്‍ക്കൂട്ട’ത്തെ ഭരണകൂടം നിയന്ത്രിക്കണം; ഗോഹത്യാ കൊലകളില്‍ താക്കീത്

പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണം തടയണമെന്ന് സുപ്രീംകോടതി. ഇതിനായി നിയമം വേണമെന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി നിര്‍ദേശിച്ചു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാവില്ല. ജനങ്ങളുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പശുവിന്‍റെ പേരില്‍നടക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമങ്ങളാണ്. ഇക്കാര്യത്തില്‍ കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണം. വിശദമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് കോടതിയുടെ വിധി.

പശുവിന്റെ പേരിൽ നടക്കുന ആൾക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും തടയുന്നതിന് മാർഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ആണ് സുപ്രീം കോടതി  വിധി പറഞ്ഞത്. കോൺഗ്രസ് നേതാവ് തെഹ്സീൻ പൂനാ വാലയും ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയും ഉൾപ്പെടെയുള്ളവർ നൽകിയ ഒരു കൂട്ടം ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

പശു സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾ മാത്രം അന്വേഷിക്കാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും എല്ലാ ജില്ലകളിലും ഡോഡൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറഞ്ഞ് തെറ്റു തിരുത്തണമെന്ന് ഷാനിമോള്‍ ഉസ്മാനും വിധി കേന്ദ്രസര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എം.ബി.രാജേഷ് എം.പിയും പറഞ്ഞു.