പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍; മുക്കത്ത് വേറിട്ട പ്രതിഷേധം: വിഡിയോ

പോലീസ് അക്കാദമിയിൽ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു മുക്കം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് ഫെസ്റ്റിവൽ നടത്തി. 

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ.പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി എം.ടി അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. ഡി.സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ദിശാല്‍, യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് സെക്രട്ടറി വി.എൻ.ജംനാസ് എന്നിവർ സംസാരിച്ചു. 

പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് കഴിഞ്ഞ ദിവസമാണ്. വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയാറാക്കിയ മെനുവിലാണ് ബീഫിനെ ഉള്‍പ്പെടുത്താത്തത്. നിരോധനമല്ലെന്നും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും പൊലീസ് വിശദീകരിച്ചുവെങ്കിലും തീരുമാനം വലിയ രോഷമുയര്‍ത്തി.  ഓരോ ക്യാംപിലെയും മെസ് കമ്മിറ്റികള്‍ക്ക് ഭക്ഷണം തീരുമാനിക്കാന്‍ അനുവാദമുണ്ടെന്നുംആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശമെന്നും ഡി.ജി.പി അറിയിച്ചു.

വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ തയാറാക്കിയ ഭക്ഷണക്രമത്തിലാണ് ബീഫ് ഇല്ലാത്തത്. പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ട്. 

പക്ഷെ ഒരുനേരം പോലും ബീഫില്ല. ഇത് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം അല്ലെന്നും ആരോഗ്യമുള്ള ഭക്ഷണക്രമം തയാറാക്കിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ബറ്റാലിയന്റെ ചുമതലയുള്ളവര്‍ വിശദീകരിച്ചു. 

ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്ക് തീരുമാനിക്കാമെന്നും പറയുന്നു. നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂര്‍ പൊലീസ് അക്കാഡമിയിലെ കന്റിനില്‍ ബീഫ് നിരോധിച്ചിരുന്നു. ഐ.ജിയായിരുന്ന സുരേഷ് രാജ് പുരോഹിത്  ഏര്‍പ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.