ബീഫ് ഉലർത്തിയത് ട്വീറ്റ് ചെയ്ത് കേരള ടൂറിസം പേജ്; കമന്റുകളുമായി ഒരുവിഭാഗം; പോര്

കേരള ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. ബീഫ് ഉലര്‍ത്തിയതിന്‍റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന ട്വീറ്റാണ് പങ്കുവച്ചത്. ഇതോടെ ഇൗ പോസ്റ്റ് വിശ്വാസം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. പന്നിയിറച്ചി കൂടി ഇതുപോലെ പ്രചരിപ്പിക്കണം എന്നാണ് കമന്റുകളിൽ ചിലത്. 

സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടില്‍ നിന്നുള്ള വിശിഷ്‌ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ് ഉലര്‍ത്തിയതിന്‍റെ പാചക്കൂട്ട് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദര്‍ശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക എന്നിങ്ങനെ കമന്റുകൾ നിറയാൻ തുടങ്ങി. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് ഇത്തരം കമന്റുകളുമായി എത്തുന്നത് എന്നതും ശ്രദ്ധേയം.

ഇതോടെ പൊറോട്ട ബീഫ് കോമ്പിനേഷൻ വിവരിച്ച് മറ്റൊരുവിഭാഗവും രംഗത്തെത്തി.കേരളത്തിൽ നടന്ന ബീഫ് ഫെസ്റ്റിവല്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ബീഫ് വീണ്ടും ചർച്ചയാകുന്നത്.