ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡൽഹിയെ 5 വിക്കറ്റിന് തകർത്തു

ഐപിഎല്‍ 2020 കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ അത്രകണ്ട് ആവേശകരമാകാതെ പോയ കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്താണ് മുംബൈയുടെ അഞ്ചാം കിരീടനേട്ടം. ടൂർണമെന്റിൽ 30 വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡക്ക് പർപ്പിൾ ക്യാപ്. മികച്ച ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന്.

ഡൽഹി ഏറെ ക്ലേശിച്ചും പൊരുതിയും നേടിയ 156 റണ്‍സ്, എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി മുംബൈ ഇന്ത്യൻസ് മറികടന്നു. ഐപിഎലിൽ മുംബൈയുടെ അഞ്ചാം കിരീടമാണിത്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും രോഹിത് ശർമയുടെ മുംബൈയ്ക്ക് സ്വന്തം. ഇടവേളയ്ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ഓപ്പണറായെത്തിയ രോഹിത് 45 പന്തിൽ ആറു ഫോറും ഏഴു സിക്സും സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു. ക്വിന്റൻ ഡികോക്ക് (12 പന്തിൽ 20), സൂര്യകുമാർ യാദവ് (20 പന്തിൽ 19) എന്നിവരെല്ലാം ഭേദപ്പെട്ട സംഭാവനകൾ നൽകി മുംബൈയുടെ വിജയം ഉറപ്പാക്കി. ഇഷാൻ കിഷൻ 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. നിരാശപ്പെടുത്തിയത് കീറൺ പൊള്ളാർഡ് (നാലു പന്തിൽ ഒൻപത്), ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ മൂന്ന്) എന്നിവർ മാത്രം. ഡൽഹിക്കായി ആൻറിച് നോർട്യ രണ്ടും കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്സർ പറത്തിയ രോഹിത് വരാനിരിക്കുന്ന വിപത്തിന്റെ സൂചന ഡൽഹിക്ക് നൽകിയതാണ്. തൊട്ടടുത്ത ഓവറിൽ കഗീസോ റബാദയ്‌ക്കെതിരെ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റണ്‍സെടുത്ത ഡികോക്ക് മത്സരത്തിന്റെ ഗതി വ്യക്തമാക്കി.

ഇടയ്ക്ക് ഡികോക്കിനെ മാർക്കസ് സ്റ്റോയ്നിസും രോഹിത് ശർമയെ ആൻറിച് നോർട്യയും പൊള്ളാർഡിനെ (നാലു പന്തിൽ ഒൻപത്) കഗീസോ റബാദയും പുറത്താക്കിയെങ്കിലും അത് മുംബൈയുടെ വിജയത്തിലേക്കുള്ള പ്രയാണത്തെ ബാധിച്ചു പോലുമില്ല. വിജയത്തിലേക്ക് ഒരു റണ്‍ വേണ്ടപ്പോൾ ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ മൂന്ന്) പുറത്തായതും അവരെ ബാധിച്ചില്ല. എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിനിൽത്തി അവർ വിജയംതൊട്ടു.

നേരത്തെ, ഐപിഎൽ 13–ാം സീസണിലെ കന്നി അർധസെഞ്ചുറി ഫൈനലിലേക്ക് കാത്തുവച്ച് ഋഷഭ് പന്തും ഇരുപത്തഞ്ചിന്റെ ‘ചെറുപ്പത്തി’ലും എന്തുകൊണ്ട് മികച്ച ക്യാപ്റ്റനായിരിക്കുന്നുവെന്ന് തെളിയിച്ച അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും ചേർന്നാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറ്റൊരു കൂട്ടത്തകർച്ചയുടെ വക്കിലേക്കുള്ള പ്രയാണത്തിൽനിന്ന് ഡൽഹി ക്യാപിറ്റൽസിനെ കരകയറ്റിയ ഇരുവരും ചേർന്നാണ് കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ 157 റൺസ് വിജയലക്ഷ്യമുയർത്തിയത്. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 156 റൺസെടുത്തത്. 22 റൺസിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമാക്കിയ ശേഷമാണ്, അയ്യർ – പന്ത് കൂട്ടുകെട്ട് ഡൽഹിക്ക് കരുത്തായത്. 11.3 ഓവർ ക്രീസിൽനിന്ന ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 96 റൺസ്! പന്ത് 38 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്തു. അയ്യർ 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ പന്തിൽത്തന്നെ മാർക്കസ് സ്റ്റോയ്നിസ് ഗോൾഡൻ ഡക്കാകുന്ന കാഴ്ചയോടെ തുടങ്ങിയ ഇന്നിങ്സിൽ, അജിൻക്യ രഹാനെ (നാലു പന്തിൽ രണ്ട്), ശിഖർ ധവാൻ (13 പന്തിൽ 15) എന്നിവരാണ് 22 റൺസിനിടെ പവലിയനിൽ തിരിച്ചെത്തിയ മറ്റു രണ്ടു പേർ. ഷിംമ്രോൺ ഹെറ്റ്മെയർ (അഞ്ച് പന്തിൽ അഞ്ച്), അക്സർ പട്ടേൽ (ഒൻപത് പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തിൽ റണ്ണൗട്ടായി.

മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. ഐപിഎൽ 13–ാം സീസണിൽ പവർപ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോൾട്ട് അർഹനായി. ആകെ 36 ഓവറിൽ 6.72 ഇക്കോണമിയിൽ 16 വിക്കറ്റുകളാണ് പവർപ്ലേയിൽ ബോൾട്ടിന്റെ സമ്പാദ്യം. 2013ൽ മിച്ചൽ ജോൺസനും പവർപ്ലേയിൽ 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.