‘സച്ചിൻ’ പവലിയൻ വിവാദം കൊഴുക്കുന്നു; പിന്നിൽ ബ്ലാസ്റ്റേഴ്സെന്ന് കെസിഎ

കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. കാണാതായ ഫോട്ടോകള്‍മാത്രം കണ്ടെത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സാധനങ്ങള്‍ എടുത്തുമാറ്റിയത് കേരള ബ്ലാസ്റ്റേഴ്സാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.സി.എ

2013 ലാണ് കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന്‍ ഒരുക്കിയത്. തൊട്ടടുത്തവര്‍ഷം സച്ചിനും പവലിയനില്‍ സന്ദര്‍ശനത്തിനെത്തി. കയ്യോപ്പോടുകൂടിയ ജഴ്സിയും ബാറ്റുമെല്ലാമായി എല്ലാം സച്ചിന്‍ മയം. ഭിത്തികളില്‍ ഫോട്ടോ ആയും, വാള്‍പേപ്പറായുമെല്ലാം സച്ചിന്‍ നിറഞ്ഞു. എന്നാല്‍ ഇന്ന് പവലിയന്റെ രൂപം മാറി.

മൂന്ന് കോര്‍പറേറ്റ് ബോക്സാക്കി തിരിച്ചിരിക്കുന്നു. ഭിത്തിയിലുണ്ടായിരുന്ന പടം പോലുമില്ല. 2017ലെ അണ്ടര്‍ 17 ലോകകപ്പ് സംഘാടകസമിതിയാണ് സാധനങ്ങള്‍ നീക്കിയതെന്ന് ബ്ലാസ്റ്റേഴ്സ് പറയുമ്പോഴും അവരെ പ്രതിക്കൂട്ടിലാക്കുകയാണ് കെ.സി.എ

ബാറ്റും ജഴ്സിയും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനായി സ്റ്റേഡിയത്തിലെ മുറികള്‍ പരിശോധിക്കാമെന്ന് ജി.സി.ഡി.എ ഉറപ്പുനല്‍കിയതായി കെ.സി.എ പറയുന്നു.