'മിഷൻ ഓക്സിജൻ' പദ്ധതിയില്‍ ഒരു കോടി സംഭാവന നൽകി സച്ചിൻ; കൈത്താങ്ങ്

കോവിഡിൽ തളർന്നിരിക്കുന്ന രാജ്യത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. മിഷൻ ഓക്സിജൻ പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് താരം സംഭാവന ചെയ്തിരിക്കുന്നത്. രാജ്യത്തെ ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനുള്ള ഫണ്ട് സ്വരൂപിക്കാനാണ് മിഷൻ ഓക്സിജൻ പദ്ധതി രൂപപ്പെടുത്തിയത്. 

സോഷ്യൽ മീഡിയയിലൂടെയാണ് പദ്ധതിയലേക്ക് താൻ പണം നൽകുന്നത് സച്ചിൻ അറിയിച്ചത്. രാജ്യം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ നാം ഒരുമിച്ച് നിൽക്കണമെന്നും സച്ചിൻ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു.

കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. രോഗികൾക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ധർമ്മം. പൊതുജനങ്ങള്‍ ഇതിനായി മുന്നോട്ട് വരുന്നത് ഹൃദ്യമാണ്. 25 പേരടങ്ങുന്ന യുവ വ്യവസായികൾ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കാനായി മിഷൻ ഓക്സിജൻ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു. അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്താനായി ഞാനും ഒരു സംഭാവന നൽകുന്നു. ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. അത് എന്നെ വിജയി ആവാൻ സഹായിച്ചു. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്നിൽ ഇന്ന് നമ്മൾ അണിനിരക്കേണ്ടതുണ്ട്.’ സച്ചിൻ കുറിച്ചു.