ആ വേദന എനിക്കറിയാം സഞ്ജൂ; ആശ്വസിപ്പിച്ച് സച്ചിൻ

ഐപിഎല്ലിലെ മൂന്നാം മൽസരത്തിൽ തകർപ്പൻ ക്യാച്ചെടുത്ത സഞ്ജുവിന് സച്ചിന്റെ അഭിനന്ദനവും ആശ്വസിപ്പിക്കലും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു സഞ്ജുവിന്റെ ഉജ്വല ക്യാച്ച്. പറന്നുയർന്ന് പന്ത് പിടിച്ച സഞ്ജു നിലതെറ്റി താഴെ വീണു. തലയിടിച്ച് വീണതോടെ ഗ്രൗണ്ടിലിരുന്ന സഞ്ജു ഒന്ന് ഇരുന്ന ശേഷമാണ് കളി തുടർന്നത്. 

ക്യാച്ചിന് പിന്നാലെ സച്ചിന്റെ ട്വീറ്റെത്തി. ‘സഞ്ജു സാംസൺ വക ഉജ്വലമായൊരു ക്യാച്ച്. ഇത്തരത്തിൽ തല പിന്നിൽപ്പോയി ഇടിക്കുമ്പോൾ എന്തുമാത്രം വേദനിക്കുമെന്ന് എനിക്കറിയാം. 1992 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇത്തരമൊരു ക്യാച്ചെടുത്തപ്പോൾ ഇതേ വേദന ഞാനും അനുഭവിച്ചതാണ്’

അതേസമയം, തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ സഞ്ജുവിന്റെ മാസ് പ്രകടനം കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. വെറും മൂന്ന് റൺസെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പുറത്തായതിനു പിന്നാലെയാണ് സഞ്ജു ഗ്രൗണ്ടിലെത്തിയത്. രണ്ട് ഓവർ മാത്രമായിരുന്നു അപ്പോൾ കഴിഞ്ഞിരുന്നത്. പതിഞ്ഞ താളത്തിൽ തുടക്കമിട്ട സഞ്ജു കൊൽക്കത്തയ്ക്കെതിരെ ഒരു ബൗണ്ടറിയാണ് ആകെ നേടിയത്.

രാജസ്ഥാൻ സ്കോർ 30ൽ നിൽക്കെ ഒൻപതു പന്തിൽ എട്ട് റൺസുമായി പുറത്താവുകയും ചെയ്തു. ശിവം മാവിയുടെ പന്ത് ഉയർത്തിയടിച്ച സഞ്ജുവിനെ സുനിൽ നരെയ്ൻ അനായാസം ക്യാച്ചെടുത്തു പുറത്താക്കി. സഞ്ജുവിന് പിന്നാലെ രാജസ്ഥാൻ താരങ്ങൾ ഒന്നിനുപിറകേ ഒന്നായി പുറത്താകുന്നതിനും ദുബായ് സ്റ്റേഡിയം സാക്ഷിയായി. ഒടുവിൽ ടോം കറന്റെ ചെറുത്തുനിൽപ്പാണ് ടീമിന്റെ പരാജയഭാരം കുറച്ചത്.