പെന്‍ഷന്‍ ഏകവരുമാനം; സച്ചിന് എല്ലാം അറിയാം; പക്ഷേ..?; ദുരിതം പറഞ്ഞ് കാംബ്ലി

ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനമെന്നും ക്രിക്കറ്റ് അനുബന്ധ അസൈന്‍മെന്റുകള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് എല്ലാം അറിയാമെന്നും പക്ഷേ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സച്ചിന് അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

'ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് വരുമാന മാര്‍ഗം. എന്റെ കുടുംബത്തെ നിലനിര്‍ത്തുന്നത് ആ പണമാണ്. ഞാന്‍ ബോര്‍ഡിന് എന്നും കടപ്പെട്ടിരിക്കുന്നു. എന്റെ അവസ്ഥ നന്നായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കറിയാം. എന്നാല്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയുടെ ചുമതല അദ്ദേഹം എനിക്ക് നല്‍കിയിരുന്നു. സച്ചിന്‍ എന്റെ വളരെയടുത്ത സുഹൃത്താണ്. എനിക്ക് വേണ്ടി എപ്പോഴും സച്ചിന്‍ നിന്നിട്ടുണ്ട്'. കാംബ്ലിയുടെ വാക്കുകള്‍‌.

മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സഹായത്തിനായി സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിലും അതൊരു പ്രതിഫലമില്ലാത്ത ജോലിയായിരുന്നു. എനിക്കൊരു കുടുംബമുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് എന്നെ ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് എംസിഐയോട് പറഞ്ഞിട്ടുണ്ടെന്നും കാംബ്ലി പറയുന്നു.