കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റാവാം; പിന്തുണച്ച് കെഎഫ്എ

കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സങ്ങള്‍ നടത്തുന്നതിനെ പിന്തുണച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍. ഫിക്സ്ചറുകളെ ബാധിക്കാത്ത തരത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്തണമെന്നാണ് KFA നിലപാട്. ഇപ്പോഴത്തെ തര്‍ക്കം പരിഹരിക്കുന്നതിന് ജിസിഡിഎ ക്രിക്കറ്റ്, ഫുട്ബോള്‍ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തണമെന്നും കെഎഫ്എ ഹോണററി പ്രസിഡന്‍റ് കെഎംഐ മേത്തര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുന്നതിന് KFA എതിരല്ല. പരസ്പരം ബാധിക്കാത്ത തരത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്തണമെന്നാണ് ഫുട്ബോള്‍ അസോസിയേഷന്‍ നിലപാട്. ഇക്കാര്യത്തില്‍ രണ്ട് അസോസിയേഷനുകളും നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുള്ളതാണ്. ക്രിക്കറ്റ് മല്‍സരം നടന്ന് ഒരു മാസം കൊണ്ട് ഗ്രൗണ്ട് ഫുട്ബോളിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാമെന്നും കെഎഫ്എ ഹോണററി പ്രസിഡന്‍റ് കെഎംഐ മേത്തര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രശ്നപരിഹാരത്തിന് ജിസിഡിഎ ക്ലബ്ബുകളുമായല്ല, അസോസിയേഷനുകളുമായി ആണ് ചര്‍ച്ച നടത്തേണ്ടത്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണെന്നും KMI മേത്തര്‍ പറഞ്ഞു.

സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന് എന്ത് സംഭവിച്ചുവെന്ന് കെഎഫ്എയ്ക്ക് അറിയില്ല. കാലങ്ങളായി KFAയ്ക്ക് അവിടെ പ്രവേശനം അനുവദിക്കാറില്ലെന്നും KMI മേത്തര്‍ വ്യക്തമാക്കി.