ഓൺലൈനായി ഫുട്ബോൾ കളിക്കാം; കോച്ചായി നിയാസ് റഹ്മാൻ

തപാൽ മാർഗം നീന്തൽ പഠിക്കുന്നതു പോലെയല്ല ഓൺലൈൻ വഴി ഫുട്ബോൾ കളിക്കാൻ പഠിക്കുന്നത്. ഓൺലൈൻ ഫുട്ബോൾ പഠനം വിജയകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലോക് ഡൗൺ കാലം.

വീടും വീട്ടുമുറ്റവും വിട്ടു പോകാൻ കുട്ടികൾക്കാവില്ല. അങ്ങനെയെങ്കിൽ ഇവിടം തന്നെ മൈതാനമാക്കിയാലോ? ഈ ആലോചനയാണ് കോഴിക്കോട്ടെ കേരള ഫുട്ബാള്‍ ട്രെയിനിങ് സെന്‍ററിനെ ഓൺലൈൻ വഴിയിലെത്തിച്ചത്. മുന്‍ സന്തോഷ് ട്രോഫി താരം നിയാസ് റഹ്മാനാണ് മുഖ്യ പരിശീലകൻ. നിർദേശങ്ങളും പരിശീലന രീതിയും മൊബൈലിൽ ചിത്രീകരിച്ച് കുട്ടികൾക്ക് അയച്ചു നൽകും. 

ഈ വീഡിയോ നോക്കി കുട്ടികൾ പരിശീലനം നടത്തും.  മാതാപിതാക്കളുടെ സഹായത്തോടെ പരിശീലന ദൃശ്യങ്ങൾ തിരികെ അയക്കുകയും ചെയ്യും. പതിവായി നടത്തിയിരുന്ന ഫുട്ബോൾ പരിശീലനം അങ്ങനെ ലോക് ഡൗൺ സമയത്തും മുടങ്ങാതെ തുടരുന്നു. തൽസമയം കണ്ടുകൊണ്ട് സംശയങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ട്.