ഒഴിവാക്കിയത് വിശ്വസിക്കാനാകാതെ ആരാധകര്‍; ‘താങ്ക്യു ധോണി’ ഹാഷ്‌ടാഗ് ട്രെന്‍ഡിങ്..!

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്തായതിന് പിന്നാലെ ആരാധകര്‍ ആശങ്കയില്‍. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതോടെ ശക്തിപ്പെട്ടു. കഴിഞ്ഞ വര്‍ഷം എ ഗ്രേഡിലുണ്ടായിരുന്ന ധോനി 2019 ഏകദിന ലോകകപ്പിന് ശേഷം ഒരൊറ്റ മത്സരവും കളിച്ചിരുന്നില്ല. 

ബിസിസിഐ കരാര്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ എം.എസ് ധോണി ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാണ്. ‘താങ്ക് യു ധോണി’ ഹാഷ്‌ടാഗുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്. മുന്‍പും ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമായിരുന്നു. #DhoniRetires എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ വര്‍ഷം നിരവധി ട്വീറ്റുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ ഇതിന് മറുപടി നല്‍കിയത് #NeverRetireDhoni എന്ന ഹാഷ്ടാഗിലൂടെയായിരുന്നു. 

2014 ഡിസംബറിൽ ധോണി ടെസ്റ്റ് കരിയർ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 98 ട്വന്റി–20 മത്സരങ്ങളിലും ധോണി കളിച്ചിട്ടുണ്ട്. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ് ഭാവി കൂടുതൽ അനിശ്ചിതത്വത്തിലായി. അതേസമയം, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക് എന്നിവരും കരാറിൽ നിന്നു പുറത്തായിട്ടുണ്ട്. ദീപക് ചഹാർ, നവ്‌ദീപ് സൈനി, ഷാർദൂൽ താക്കൂർ, ശ്രേയസ് അയ്യർ, മായങ്ക് അഗർവാൾ എന്നിവരെയാണ് കരാറിൽ പുതുതായി ഉൾപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസൺ കരാറിൽ ഉൾപ്പെട്ടിട്ടില്ല.