'കോലിയെ കണ്ട് പഠിക്കൂ'; വിൻഡീസ് താരങ്ങളെ ഉപദേശിച്ച് എസ്​റ്റ്വിക്ക്

കളിക്കളത്തിൽ ആക്രമണോത്സുകതയുടെ പര്യായമാണ് വിരാട് കോലി. ലക്ഷ്യം നേടാനുള്ള ഇന്ത്യൻ ക്യാപ്റ്റന്റെ അർപ്പണബോധവും കഠിനാധ്വാനവും മാതൃകയാക്കണമെന്നാണ് വിൻഡീസ് താരങ്ങൾക്ക് കിട്ടിയ ഏറ്റവും പുതിയ ഉപദേശം. സ്വന്തം താരങ്ങൾക്ക് 'നല്ലബുദ്ധി' പറഞ്ഞ് കൊടുത്തത് സഹ പരിശീലകൻ ആയ റോഡ്ഡി എസ്റ്റ്വിക്കാണ്. 

ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് നിക്കോളാസ് പൂരാനോട് കോലിയെ കണ്ട് പഠിക്കാൻ എസ്റ്റ്വിക്ക് ആവശ്യപ്പെട്ടത്. ഹെയ്റ്റ്മറെയും പൂരാനെയും ഹോപിനെയും പോലുള്ളവർക്ക് കോലിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കോലിയുടെ കഠിനാധ്വാനം മാത്രം മാതൃകയാക്കിയാൽ കരിയറിൽ നേട്ടം കൊയ്യാമെന്നും അദ്ദേഹം താരങ്ങളോട് പറയുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിെര ഏറ്റവും മികച്ച കളി പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും എസ്റ്റ്വിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ട്വന്റി–20 പരമ്പരയിൽ മിന്നുന്ന പ്രകടനമാണ് ക്യാപ്റ്റൻ കോലി പുറത്തെടുത്തത്. മികച്ച ഫോമിൽ തുടരുന്ന ക്യാപ്റ്റൻ ഏകദിനത്തിലും കസറുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.