പ്രതാപം തിരിച്ച് പിടിക്കാൻ ജിവി രാജ സ്കൂൾ; അമരക്കാരനായി രാജു പോളും

സ്കൂൾ കായികമേളയിൽ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ. കോതമംഗലം സെന്റ് ജോർജ് സ്കൂളിന്റെ മുഖ്യ പരിശീലകനായിരുന്ന രാജു പോളിന്റെ ശിക്ഷണത്തിലാണ് ഇത്തവണ ജിവി രാജ സംസ്ഥാന സ്കൂൾ മീറ്റിന് എത്തുന്നത്. 

ഇത്തവണ രണ്ടും കൽപ്പിച്ചാണ് ജീവി രാജയുടെ കുട്ടികൾ കണ്ണൂരിലെ ട്രാക്കിൽ ഇറങ്ങുന്നത്. കോതമംഗലം സെന്റ് ജോർജ് സ്കൂളിനെ പത്തുവട്ടം സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാർ ആക്കിയ രാജു പോളിന്റെ തന്ത്രങ്ങളിൽ ആണ് ജിവി രാജ സ്കൂളിന്റെ പ്രതീക്ഷകൾ. 10 വർഷത്തെ ഇടവേളക്കുശേഷം തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാർ ആയാണ് ജി വി രാജ സംസ്ഥാന കായിക മേളയ്ക്ക് എത്തുന്നത്. 

കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ നിന്ന് വിരമിച്ചശേഷം കഴിഞ്ഞ ജൂൺ മാസത്തിലാണ് രാജു പോൾ ജിവി രാജ യുടെ ചുമതല ഏറ്റെടുക്കുന്നത്. കായികാധ്യാപന രംഗത്തെ രണ്ടാം ഇന്നിങ്‌സ് എന്നാണ് ജി വി രാജയിലെ ദൗത്യത്തെ രാജുപോൾ വിശേഷിപ്പിക്കുന്നത്. 18 പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് ജിവി രാജ സ്കൂളിനായി ഇത്തവണ മാറ്റുരയ്ക്കുന്നത്.