മുഴുപട്ടിണിയുടെ കാലം; അന്ന് ഉണ്ടായിരുന്നത് ഒരേയൊരു ടീഷർട്ട്; ബുമ്ര: വിഡിയോ

ഇന്ത്യൻ പേസ് ആക്രമണത്തിന്റെ പോസ്റ്റർ ബോയ് ആകുന്നതിനു മുൻപു ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ തുറന്നുപറഞ്ഞ് ജസ്പ്രീത് ബുമ്ര. ബുമ്രയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അതോടെ കുടുംബം മുഴുപ്പട്ടിണിയിലായി. ജീവിതത്തിലെ കഷ്ടപ്പാടുകൾ ബുമ്രയും അമ്മ ദാൽജിത്ത് ബുമ്രയും ചേർന്നു വിവരിക്കുന്ന വിഡിയോ, ഐപിഎൽ ടീം മുംബൈ ഇന്ത്യൻസാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘അച്ഛന്റെ മരണത്തിനുശേഷം ഞാനും അമ്മയും ഒരുപാടു കഷ്ടപ്പെട്ടു.

എനിക്ക് ഒരു ജോടി ഷൂസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ടീ ഷർട്ടും. എല്ലാദിവസവും അത് അലക്കി ഉപയോഗിക്കുകയാണു ഞാൻ ചെയ്തത്,’ ബുമ്ര പറ‍ഞ്ഞു. 2013ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി പന്തെറിഞ്ഞു കായികലോകത്തിന്റെ ശ്രദ്ധ നേടിയ ബുമ്ര 6 വർഷത്തിനുള്ളിൽ ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറായി. പരുക്കുമൂലം ലണ്ടനിൽ ചികിത്സയിലാണ് ബുമ്ര ഇപ്പോൾ.