ആർത്തു വിളിച്ച് ആരാധകർ; ഇരട്ട ഗോളുമായി സലാ; ജയിച്ചു കയറി ലിവർപൂൾ

ചാംപ്യന്‍സ് ലീഗിലെ ആവേശകരമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ മൂന്നിനെതിരെ നാല് ഗോളിന് റെഡ്ബുളിനെ തോല്‍പ്പിച്ചു.  മുഹമ്മദ് സലാ ഇരട്ടഗോള്‍നേടി. മറ്റൊരു മല്‍സരത്തില്‍, സുവാരസിന്റെ ഇരട്ടഗോളില്‍ ബാര്‍സിലോന, ഇന്റര്‍ മിലാനെ മറികടന്നു. പരുക്കില്‍ നിന്ന് മോചിതനായ മെസി കളത്തില്‍ തിരിച്ചെത്തി.

യു വില്‍ നെവര്‍ വാക്ക് എ ലോണ്‍ എന്ന് ഗാലറി ആര്‍ത്തു വിളിക്കുമ്പോള്‍ എങ്ങനെയാണ് ചെമ്പട ആന്‍ഫീല്‍ഡില്‍ തോല്‍ക്കുക. റെഡ്ബുളിന്റെ വീര്യത്തെ മറികടന്നത് ഈ പന്ത്രണ്ടാമന്റെ ഊര്‍ജത്തില്‍.

മാനേയും റോബര്‍ട്സനും സലായും ഗോളടിച്ചതോടെ ആദ്യപകുതിയിലേ 3–1ന്റെ ലീഡെടുത്ത ലിവര്‍പൂള്‍ അനായാസം ജയിക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ രണ്ടാംപകുതിയില്‍ തക്കൂമിയും ഹാലന്‍ഡും ഗോള്‍മടക്കിയതോടെ ആന്‍ഫീല്‍ഡ് ഉത്കണ്ഠയിലായി. 69–ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി സലാ ലക്ഷ്യം കണ്ടതോടെ ആന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചു. 

1–0ന് ആദ്യപകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ബാര്‍സയുടെ വമ്പന്‍ തിരിച്ചുവരവ്. രണ്ടാംപകുതിയില്‍ ഇരട്ടഗോള്‍ നേടിയ സുവാരസ് കറ്റാലന്‍മാരെ കാത്തു.

മറ്റു മല്‍സരങ്ങളില്‍ കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ അയാക്സ ്മറുപിടിയില്ലാത്ത മൂന്ന ഗോളിനാണ് വലന്‍സിയയെ തകര്‍ത്തത്.  ഫ്രഞ്ച് ക്ലബ് ലില്ലെയെ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു.