ചാംപ്യന്‍സ് ലീഗ്; ഇന്ന് റയല്‍ മഡ്രിഡ്- ലിവര്‍പൂൾ കലാശപ്പോരാട്ടം

യൂറോപ്പ് ആരുവാഴുമെന്ന് ഇന്നറിയാം. ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ റയല്‍ മഡ്രിഡും ലിവര്‍പൂളും ഏറ്റുമുട്ടും. റയല്‍ 14–ാം കിരീടവും ലിവര്‍പൂള്‍ ഏഴാംകിരീടവുമാണ് ലക്ഷ്യമിടുന്നത്. രാത്രി പന്ത്രണ്ടരയ്ക്ക് പാരിസിലാണ് മല്‍സരം. 

ലിവര്‍പൂളില്‍ മാനെയും സലായും വാന്‍ ഡൈക്കുമൊന്നും ഒരിക്കലും തനിച്ചാകില്ല. പാരിസിലും ഒപ്പമുണ്ടാകും  യുവില്‍ നെവര്‍ വാക്ക് എലോണെന്ന് ആര്‍പ്പുവിളിക്കുന്ന ഗാലറി. 2018 ഫൈനല്‍ സലായുടെ ഓര്‍മക്കോണില്‍ പുകഞ്ഞുനീറുന്നുണ്ടെന്നുറപ്പ്. അതുകൊണ്ടുതന്നെയാണ് ഫൈനലില്‍ റയല്‍ മഡ്രിഡ് തന്നെ എതിരാളിയായി വേണെന്ന് അയാള്‍ പരസ്യമായി പ്രതികരിച്ചത്. ഞൊടിയിടയില്‍  കൈപ്പിടിയില്‍ നിന്നകന്ന ലീഗ് കിരീടത്തിന് പകരം വയ്ക്കാന്‍ യൂറോപ്പിന്റെ സിംഹാസനം തന്നെ ഉന്നം വയ്ക്കും ലിവര്‍പൂള്‍. അഞ്ചുവര്‍ഷത്തിനിടയിലെ മൂന്നാംഫൈനലിനാണ് ആന്‍ഫീല്‍ഡുകാര്‍ വരുന്നത്.

ആരാധകരെയാരെ രോമാഞ്ചം കൊള്ളിച്ച തിരിച്ചുവരവുകള്‍.. നാടകീയ മല്‍സരങ്ങള്‍. ത്രില്ലര്‍ സിനിമയുടെ കെട്ടുംമട്ടുമുണ്ട് റയലിന്റെ കുതിപ്പിന്. കിരീടപ്പോരാട്ടത്തിലേക്കുള്ള പാതയില്‍ റയലിന് മുന്നില്‍ വീണത് കൊലകൊമ്പന്‍മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും.  കരീം ബെന്‍സേമയെന്ന ജീനിയസിന്റെ സാന്നിധ്യമാണ് കരുത്ത്. നോക്കൗട്ട് റൗണ്ടിലെ ആറ് മല്‍സരങ്ങളില്‍നിന്ന് നേടിയത് 10 ഗോളുകള്‍. ഒരു ചാംപ്യന്‍സ് ലീഗ് സീസണിലെ ഗോളെണ്ണത്തില്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം. ഫൈനലില്‍ സ്കോര്‍ ചെയ്താല്‍ കാത്തിരിക്കുന്നത് ചരിത്രനേട്ടം.