ചാംപ്യന്‍സ് ലീഗ്; ബാര്‍സിലോനയും അത്‌ലറ്റികോ മഡ്രിഡും പുറത്ത്

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന് സ്പാനിഷ് ക്ലബുകളായ ബാര്‍സിലോനയും അത്‌ലറ്റികോ മഡ്രിഡും പുറത്ത്. അതേ സമയം ലിവര്‍പൂളും ഇന്‍റര്‍ മിലാനും അവസാന പതിനാറിലെത്തി. 

ചാംപ്യന്‍സ് ലീഗില്‍ നിലനില്‍പ്പിനായി ജയം തേടി ഹോംഗ്രൗണ്ടിലിറങ്ങിയ ബാര്‍സയ്ക്ക് ബയേണിന്‍റെ വക ഷോക്ക് ട്രീറ്റ്മെന്‍റ്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജര്‍മന്‍ ചാംപ്യന്‍മാര്‍ നൂ കാംപില്‍ ആതിഥേയരെ തകര്‍ത്തത്. സാദിയോ മാനെ, ചോപോ മൂട്ടിങ്, ബെഞ്ചമിന്‍ പവാര്‍‍ഡ് എന്നിവരുടെ ഗോളുകളിലായിരുന്നു ബയേണിന്‍റെ ജയം.

ജയിച്ചാല്‍ മാത്രം മുന്നോട്ട് എന്ന അവസ്ഥയില്‍ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ലെവര്‍കൂസനെ നേരിട്ട അത്‌ലറ്റികോ മഡ്രിഡിന് നേരിടേണ്ടിവന്നത് തോല്‍വിയോളം പോന്ന സമനില. നേരത്തെ തന്നെ പുറത്തായ ലെവര്‍കൂസനോട് സമനില വഴങ്ങിയതോടെ അവസാന പതിനാറില്‍ നിന്ന് അത്‌ലറ്റികോയും പുറത്തായി. ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനല്‍റ്റി കരാസ്കോ പാഴാക്കിയത് അത്‍ലറ്റികോ മഡ്രിഡിന് ജയവും പ്രീക്വാര്‍ട്ടര്‍ സ്ഥാനവും നിഷേധിച്ചു.  ഡച്ച് ക്ലബ് അയാക്സിനെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. മുഹമ്മദ് സലാ,  ഡാര്‍വിന്‍ നൂനസ്, ഇലിയട്ട് എന്നിവരാണ് ലിവര്‍പൂളിന്‍റെ സ്കോറര്‍മാര്‍. ചെക്ക് ക്ലബ് വിക്ടോറിയ പ്ലിസനെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനും പ്രീക്വാര്‍ട്ടറിലെത്തി.