ആരവങ്ങളുടെ മുറ്റം ഇനി ഫിറോസ് ഷാ കോട്​ല അല്ല; അരുൺ ജയ്റ്റ്ലി സ്റ്റേഡിയം; പേരുമാറ്റം

ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം, അരുൺ ജയ്റ്റ്‍ലി

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഡൽഹിയിലെ ഫിറോസ് ഷാ കോ‌ട്‌ല സ്റ്റേഡിയം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നു. ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ദ ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) തീരുമാനം. സെപ്റ്റബർ 12ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സ്റ്റേഡിയത്തിന് ഔദ്യോഗികമായി ജയ്റ്റ്‍ലിയുടെ പേരു നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായികമന്ത്രി കിരൺ റിജ്ജു തുടങ്ങിയവർ പങ്കെടുക്കും.

മുൻപു തീരുമാനിച്ചിരുന്നതുപോലെ, സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് ഡൽഹി സ്വദേശി കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും പേരു നൽകും. ഡിഡിസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ജയ്റ്റ്‍ലി. 1883ൽ നിർമിച്ച ഫിറോസ് ഷാ കോട്‍ല, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ജയ്റ്റ്‍ലിയുടെ കാലഘട്ടത്തിലാണ് സ്റ്റേഡിയം ആധുനികവൽക്കരിച്ചതും ലോകോത്തര നിലവാരമുള്ള ഡ്രസിങ് റൂമുകൾ സഹിതം ഇവിടെ നിർമിച്ചതും.

വിരാട് കോലി, വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ, ഋഷഭ് പന്ത് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്നതിൽ അരുൺ‌ ജയ്റ്റ്‍ലിയുടെ പിന്തുണയും പ്രോത്സാഹനവും നിർണായകമായിരുന്നുവെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ ചൂണ്ടിക്കാട്ടി. ഡൽഹി ഭരണാധികാരിയായിരുന്ന ഫിറോസ് ഷാ തുഗ്ലക് നിർമിച്ച കോട്ടയാണ് ഫിറോസ് ഷാ കോട്‍ല. ഈ പേരു പിന്നീടു സ്റ്റേഡിയത്തിനും നൽകുകയായിരുന്നു.