കോലിക്ക് എന്തും പറയാം, കോച്ചിന്റെ കാര്യത്തിൽ തീരുമാനം സമിതിയുടേത്; ഗെയ്ക്ക്​വാദ്

ഇന്ത്യൻ ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടർന്നും മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായപ്രകടനത്തിനെതിരെ ഉപദേശക സമിതി. ക്യാപ്റ്റനെന്ന നിലയിൽ കോലി പറയുന്നത് പരിഗണിക്കേണ്ട ബാധ്യത ബിസിസിഐക്കാണ് ഉള്ളത്. പരിശീലകനെ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. അതിൽ ക്യാപ്റ്റന് പങ്കില്ലെന്നും കമ്മിറ്റിയംഗം അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആളുകളിൽ നിന്നും കോച്ചിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോച്ചിന്റെ കാര്യത്തിൽ തുറന്ന സമീപനമാകും സമിതി സ്വീകരിക്കുക. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അപേക്ഷകൾ വന്നിട്ടുണ്ട്. വിശദമായ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ക്ക് വാദിനെ കൂടാതെ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി എന്നിവരാണ് സമിതിയിൽ ഉള്ളത്.

കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം സമിതി ഇതുവരെയും തേടിയിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ രവി ശാസ്ത്രിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു കോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രവി ശാസ്ത്രി കോച്ചായി തുടരുകയാണെങ്കിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാകും പുതിയ കോച്ച് ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയെന്നാണ് സമിതി നേരത്തേ വ്യക്തമാക്കിയിരുന്നത്.