ധോണിക്ക് പകരം വയ്ക്കാൻ ആരുമില്ല; വിമർശകരുടെ വായടപ്പിച്ച് മുൻ സെലക്ടർ

ധോണിക്ക് പകരം വയ്ക്കാൻ ഇന്ത്യൻ ടീമിൽ മറ്റൊരാളില്ലെന്ന് മുൻ സെലക്ടർ സഞ്ജയ് ജഗ്ദാലെ. ധോണി മികച്ച കളിക്കാരൻ ആണെന്നും ടീമിന് വേണ്ടി അർപ്പണ ബോധത്തോടെ കളിക്കുന്നയാളാണെന്നും ജഗ്ദാലെ കൂട്ടിച്ചേർത്തു. എന്നാൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനുള്ള പക്വത ധോണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്റെ കാര്യത്തിൽ കൈക്കൊണ്ടത് പോലുള്ള സമീപനമാകും സെലക്ടർമാരുടെ ഭാഗത്ത് നിന്നും ധോണിയോട് ഉണ്ടായേക്കുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

ലോകകപ്പ് സെമിയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ധോണിയോട് വിരമിക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ല. നിർണായക സമയത്ത് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്തതിൽ കുറ്റപ്പെടുത്തലുകൾ അല്ല വേണ്ടത്. ആദ്യകാലങ്ങളിലെ കൂറ്റനടികൾ ധോണിയിൽ നിന്ന് എല്ലായ്പ്പോഴും പ്രതീക്ഷിക്കരുതെന്നും ഒന്നോ രണ്ടോ കളിയുടെ പേരിൽ എഴുതിത്തള്ളുന്നത് മര്യാദയല്ലെന്നും ജഗ്ദാലെ പറയുന്നു. പരിക്കേറ്റ ശിഖർ ധവാന് പകരമായാണ് പന്തിനെ ഇംഗ്ലണ്ടിലേക്ക് അയച്ചത്. ഇത് കുറച്ച് കൂടി നേരത്തേ ആകാമായിരുന്നു. ധോണിയിൽ നിന്നും പഠിക്കാൻ പന്തിന് സാധിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ലോകകപ്പിൽ നിന്ന് പുറത്തായതോടെയാണ് ധോണി വിരമിക്കണമെന്നുള്ള ആവശ്യം പലയിടങ്ങളിൽ നിന്നായി ഉയർന്നത്. 38 കാരനായ താരത്തിന് ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനോ മാച്ച് വിന്നറാകാനോ സാധിക്കുന്നില്ലെന്നും  ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്നടക്കം താരത്തെ ഒഴിവാക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നത്. പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ മുംബൈയിൽ ചേരുന്ന യോഗത്തിന് ശേഷമാകും സെലക്ടർമാർ പ്രഖ്യാപിക്കുക.