പിച്ച് ചതിച്ചാശാനേ...പരാതിയുമായി താരങ്ങൾ; കൈ മലർത്തി ഐസിസി

കപ്പിനും ചുണ്ടിനുമിടക്ക് ഇന്ത്യക്ക് ലോകകപ്പ് ഫൈനല്‍ നഷ്ടമായതിന്റെ വിഷമത്തിലാണ് ആരാധകർ. തോൽക്കു പിന്നാലെ മല്‍സരത്തിലെ പിച്ചിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പല  താരങ്ങളും. 

ഒരു ലോകകപ്പ് സെമിഫൈനലിനു ചേർന്ന പിച്ചല്ല ഇത് എന്നായിരുന്നു മുൻ ഓസ്ട്രേലിയൻ താരം മാർക് വോ പറഞ്ഞത്. ''ഇതൊരു നല്ല പിച്ചാണെന്നു തോന്നുന്നില്ല. വളരെ സ്ലോ. പിന്നെ നല്ല ടേണും..''– വോ ട്വീറ്റ് ചെയ്തു. 

മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബുച്ചർ ലോകകപ്പിലെ പിച്ചുകളെ ഒന്നാകെ 'ചവറ്' എന്നാണ് വിശേഷിപ്പിച്ചത്. ''പിച്ചിന് രണ്ടു സ്വഭാവമാണ്. അവസാനത്തെ അഞ്ച് ഓവർ നിങ്ങളെ ത്രസിപ്പിച്ചേക്കാം. പക്ഷേ ബാക്കിയുള്ള ഓവറുകളെല്ലാം നിങ്ങളെ പേടിപ്പിക്കും'', ബുച്ചർ കുറിച്ചതിങ്ങനെ. 

എന്നാൽ ചെറിയ സ്കോർ നേടുന്നതിന് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ഐസിസിയുടെ പ്രതികരണം. ഏതു വേദിയിലാണോ മൽസരങ്ങൾ നടക്കുന്നത്, അവിടുത്തെ ഏറ്റവും മികച്ച് പിച്ചുകൾ തിരഞ്ഞെടുക്കാനാണ് തങ്ങൾ നൽകുന്ന നിർദേശം. ഏതെങ്കിലും ടീമിന് ഗുണകരമോ പ്രതികൂലമോ ആകുന്ന രീതിയിൽ പിച്ചുകളൊരുക്കാന്‍ പറയാറില്ലെന്നും ഐസിസി അറിയിച്ചു.