ലോകകപ്പ് തോല്‍വി; ടീമിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീം ഘടനയിലും സംവിധാനത്തിലും അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനം വീതം വയ്ക്കുന്നതടക്കുള്ള കാര്യങ്ങള്‍ ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചും ബിസിസിഐ കടുത്ത തീരുമാനമെടക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുളള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്.

ഒരു ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ അടുത്ത പ്രധാന ടൂര്‍ണമെന്റിനുള്ള ഒരുക്കം ആരംഭിക്കുന്നതാണ് പ്രഫഷനല്‍ രീതി. ഈ മാതൃകയില്‍ നേട്ടമുണ്ടാക്കിയ ടീമാണ് ഇംഗ്ലണ്ട്.  ഏകദിന ടീമിന്റെ ചുമതല രോഹിത് ശർമയ്ക്കു കൈമാറി ടെസ്റ്റ്, ട്വന്റി20 ടീമുകളുടെ നായകസ്ഥാനത്ത് കോലി തുടരുന്ന രീതിയിലുള്ള ക്രമീകരണമാണ് ബിസിസിഐ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  മുതിർന്ന താരങ്ങളെ പതുക്കെ ഒഴിവാക്കിയും പുതിയ താരങ്ങളെ വളർത്തിയെടുത്തും ടീമിനെ ശക്തിപ്പെടുത്തുന്നതിനും നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എം.എസ്.ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വരുന്നുണ്ട്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്തു.  വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. 

ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ധോണി സ്വയം തീരുമാനമെടുക്കാൻ കാക്കുകയാണിവർ. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായി. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ധോണിയുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.