മാഞ്ചസ്റ്ററിൽ മഴ കളിക്കുമോ? കാലവസ്ഥയിൽ ആശങ്ക

മാഞ്ചസ്റ്ററിലെ ഇന്ത്യ ന്യൂസീലന്‍ഡ് സെമിഫൈനിലിനും നിര്‍ണായക പങ്ക് വഹിക്കുക കാലാവസ്ഥയായിരിക്കും. രാവിലെ വരെ മാഞ്ചസ്റ്ററില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണെന്നും മുന്നറിയിപ്പുണ്ട്. 

ഈ ലോകകപ്പിലെ മല്‍സരങ്ങളില്‍ മിക്കവയിലും മഴ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയും ന്യൂസീലന്‍ഡും ലീഗ് ഘട്ടത്തില്‍ നോട്ടിങ്ഹാമില്‍ നടക്കേണ്ടിയിരുന്ന മല്‍സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. മാഞ്ചസ്റ്ററില്‍ രാവിലെ വരെ ചെറിയരീതിയില്‍ മഴയുണ്ടാകുമെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. പൂര്‍ണമായും മല്‍സരത്തെ മഴ ബാധിക്കില്ലെങ്കിലും ആദ്യഇന്നിങ്സ് തീരുന്നതിനടുത്ത് ചെറിയ മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്.       പൊതുവെ മൂടിക്കെട്ടിയുള്ള കാലാവസ്ഥയായിരിക്കുമെന്നതിനാല്‍ ടോസ് നിര്‍ണായകമാകും. 

സെമിഫൈനലിനായി ബാറ്റിങിന് അനുകൂലമായിട്ടുള്ള പുതിയ പിച്ചാണ് തയാറാക്കിയിട്ടുള്ളതെങ്കിലും ആദ്യത്തെ പത്ത് ഓവറില്‍ പന്ത് സ്വിങ് ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനാകും ടീമുകളുടെ ശ്രമം. ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചിട്ടുള്ളതാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇതുവരെയുള്ള ചരിത്രമെന്നതിനാല്‍ ടോസ് ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.