കാലിത്തൊഴുത്ത് ചെയിഞ്ചിങ് റൂം; തറവാട് ഓഫിസ് റൂം; ഇതായൊരു അക്കാദമി

മനസുണ്ടെങ്കില്‍ തറവാട് വീട്ടിലും ക്രിക്കറ്റ് പിച്ചൊരുക്കാം. ക്രിക്കറ്റ് താരങ്ങള്‍ക്കും ബാഡ്മിന്റന്‍ താരങ്ങള്‍ക്കും പരിശീലിക്കാന്‍ കൊച്ചിയില്‍ തുടങ്ങിയ പുതിയ പരിശീലന കേന്ദ്രം ഇത് വ്യക്തമാക്കുന്നു. കൊച്ചി ഇരുമ്പനത്താണ് ഐ സ്പോര്‍ട്സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ രഞ്ജിതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. 

90സെന്റിലാണ് ക്രിക്കറ്റ് നെറ്റ്സും ബാഡ്മിന്റന്‍ കോര്‍ട്ടും തയാറായിരിക്കുന്നത്. പഴയ തറവാട് ഓഫിസ് റൂമായും  കഫറ്റേരിയയുമായും തനിമചോരാതെ നിര്‍ത്തിയിട്ടുണ്ട്. പഴയ കാലിത്തൊഴുത്ത് കളിക്കാരുടെ ചെയിഞ്ചിങ് റൂമായും മാറ്റിയിരിക്കുന്നു.  മൂന്നുപേര്‍ക്ക് ഒരേസമയം ബാറ്റിങ് പരിശീലനം നേടാവുന്ന വിധത്തിലാണ് നെറ്റസ് തയാറാക്കിയിരിക്കുന്നത്. ഇന്‍ഡോറിലായതിനാല്‍ ഏതുസമയത്തും പരിശീലിക്കാം. മൂന്ന് നെറ്റ്സും ഒരേ സമയം ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറിന് 1,500രൂപ നല്‍കണം. ഒരെണ്ണം മതിയെങ്കില്‍ മണിക്കൂറിന് എഴുന്നൂറ് രൂപ നല്‍‌കിയാല്‍ മതി.

രണ്ടു ബാഡ്മിന്റന്‍ കോര്‍ട്ടാണ് പരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. മാസം 5,500രൂപ അടച്ചാല്‍ ദിവസം ഒരുമണിക്കൂര്‍ വീതം ബാഡ്മിന്റന്‍ കോര്‍ട്ടില്‍ പരിശീലിക്കാം.  ക്ലബ്ബുകള്‍ക്കും ഇവിടുത്തെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.