ലോകകിരീടം വീണ്ടും കയ്യിലുയര്‍ത്തണം; പിന്നാലെ വിരമിക്കണം: ധോണിയുടെ പ്ലാന്‍..?

‘ഒരു ക്രിക്കറ്റ് മല്‍സരം തിരക്കഥയനുസരിച്ചല്ല കളിക്കുന്നത്. താങ്കള്‍ക്ക് ഇന്ത്യ ജയിച്ചത് ഇഷ്ടമായില്ലെന്നു തോന്നുന്നു. കളിക്കളത്തിനു പുറത്തിരുന്നു താങ്കൾക്കതു മനസ്സിലാക്കാനാവുന്നില്ലെങ്കിൽ ഈ ചോദ്യം ചോദിക്കരുത്...’  2016ല്‍ ബംഗ്ലദേശിനെതിരെ അവസാനപന്തില്‍ ജയം നേടിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ധോണിയുടെ ഈ മറുപടി.

ഇതിനെ ധോണിയുടെ വൈദഗ്ധ്യമായോ കൗശലമായോ ധാര്‍ഷ്ട്യമായോ വ്യാഖ്യാനിക്കാം. ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതുകൊണ്ട് ചോദ്യംചോദിക്കാന്‍ പോകുമ്പോള്‍ സൂക്ഷിക്കണം. 

തീരുമാനങ്ങള്‍ അപ്രതീക്ഷിതം

2014ല്‍ ടെസ്റ്റ് ക്രിക്കറ്റിനോട് ധോണി വിടപറഞ്ഞത് അപ്രതീക്ഷിതമായിട്ടാണ്. അതുപോലെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമ്പോഴും 37കാരനായ ധോണി ആ പ്രവചനീയമല്ലാത്ത സ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് വ്യക്തം. 2004ല്‍ ബംഗ്ലദേശിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി സൂപ്പര്‍താരത്തിലേക്കുള്ള സഞ്ചാരം തുടങ്ങിയത് 2005ല്‍ വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെ നേടിയ 148റണ്‍സോടെയാണ്. പിന്നാലെ 2007ല്‍ ട്വന്റി 20 ടീം ക്യാപ്റ്റനായതോടെ ധോണിയുടെ തലവരമാറി. 

അന്ന് കപ്പെടുത്ത് നാട്ടിലെത്തിയതോടെ ആര്‍ക്കും പിടിച്ചുകെട്ടാനാവാത്ത ഉയരത്തിലായി. വൈകാതെ ഏകദിന ടീമിന്റെയും ടെസ്റ്റ് ടീമിന്റെയും നായകപദവികൂടി ലഭിച്ചു. അങ്ങനെ ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ചോദ്യംചെയ്യപ്പെടാനാവാത്ത താരവുമായി. വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ മിന്നി.

ഹെലികോപ്ടര്‍ ഷോട്ടുകളും സിക്സറുകളും മിന്നല്‍ സ്റ്റംപിങ്ങും ധോണിയോടുള്ള ആരാധകൂട്ടി. ഒടുവില്‍ 2011ലെ ഏകദിനക്രിക്കറ്റ് ലോകകപ്പും എടുത്ത് പടനായകന്‍ ഗര്‍വോടെ നിന്നു. ടെസ്റ്റില്‍ ഫോം മങ്ങുന്നുവെന്ന് കണ്ടതോടെ ആഘോഷങ്ങളില്ലാതെ വിരമിക്കല്‍ പ്രഖ്യാപനം. 

ഏകദിനത്തില്‍ ഇതുവരെ (പാക്കിസ്ഥാനെതിരായ ലോകകപ്പിലെ മല്‍സരം വരെ) 344 മല്‍സരങ്ങളില്‍ കളിച്ചു. 10562 റണ്‍സ് നേടി. ഇതില്‍ പത്ത് സെഞ്ചുറിയും 71 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 183റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. വിക്കറ്റിന് പിന്നില്‍ 315 ക്യാച്ചും 121 സ്റ്റംപിങ്ങും നടത്തി.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ മൂന്ന് മല്‍സരത്തില്‍ നിന്ന് 62റണ്‍സ് നേടി. ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും നടത്തി. ലോകകപ്പിലെ ലീഗ് മല്‍സരങ്ങള്‍ കടന്ന് ഇന്ത്യ ലോക കിരീടം നേടണമെന്ന് ആരാധകര്‍ കൊതിക്കുന്നു. ഒരിക്കല്‍ കൂടി കപ്പുയര്‍ത്തി മടങ്ങനാവും ധോണിയുടെയും തീരുമാനം.