അതിജീവനത്തിന്റെ ബാറ്റ് വീശി അഫ്ഗാൻ; പാകിസ്ഥാനെ അട്ടിമറിച്ച് ലോകകപ്പ് ഗ്രൗണ്ടിലേക്ക്

യുദ്ധം തീര്‍ത്ത അരക്ഷിതാവസ്ഥയെ ക്രിക്കറ്റ് കൊണ്ട് പൊരുതി തോല്‍പ്പിച്ചാണ് ലോകഭൂപടത്തില്‍ അഫ്ഗാന്‍ ഇടംപിടിച്ചത്. തോക്കിന് മുന്നിലും പതറാത്ത മനോധൈര്യമാണ് ആരേയും തോല്‍പ്പിക്കാന്‍ അഫ്ഗാന് കരുത്തായത്. സന്നാഹ മല്‍സരത്തില്‍ പാക്കിസ്ഥാനെ അട്ടിമറിച്ചാണ് ലോകകപ്പില്‍ ഇക്കുറി വരവറിയിച്ചത്.

എവിടെയും പ്രതിധ്വനിക്കുന്ന വെടിയൊച്ചകളുടെ പശ്ചാത്തലത്തില്‍, അഭയാര്‍ഥി ക്യാംപുകളില്‍, പട്ടാള വണ്ടികള്‍ പാഞ്ഞ് പോകുന്ന തെരുവോരങ്ങളില്‍ ക്രിക്കറ്റ് കളിച്ച് ഒരു തലമുറ വളര്‍ന്നു. അവര്‍ ലോകഭൂപടത്തിന്റെ ഇരുണ്ട കോണില്‍ ഒതുങ്ങിപ്പോയ ഒരു ജനതയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. സ്വപ്നം കണാന്‍ പഠിപ്പിച്ചു. 

ആരേയും അമ്പരപ്പിക്കുന്നതാണ് അഫ്ഗാന്‍ ടീമിന്റെ വളര്‍ച്ച. 2008ൽ മാത്രം ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 5ൽ എത്തിയ അ‌ഫ്ഗാനിസ്ഥാൻ നിലവില്‍ ഏകദിന റാങ്കിങ്ങില്‍ പത്താമതാണ്. ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്. റാഷിദ് ഖാനും   മുജീബ് ഉര്‍ റഹ്മാനുമാണ് ബോളിങ് നിരയുടെ കുന്തമുന.  എതിരാളികളെ എറിഞ്ഞു വീഴ്ത്താനും അടിച്ചു പറത്താനും കഴിവുള്ള നബിയുടെ സാന്നിധ്യം ടീമിന് ശക്തിപകരുന്നു ഷെഹ്സാദും ഹഷ്മത്തുള്ളയും ഹസ്രത്തുള്ളയുമെല്ലാം ബാറ്റിങ്ങ് കരുത്തുറ്റതാക്കുന്നു.  സന്നാഹമല്‍സരത്തിലെ പാക്കിസ്ഥാനെതിരായ ജയത്തോടെ ആരേയും തോല്‍പ്പിക്കാന്‍കെല്‍പ്പുള്ളവരാണെന്്ന് അഫ്ഗാന്‍ തെളിയിച്ചു. കഴിഞ്‍ഞ വര്‍ഷം നടന്ന ഏഷ്യ കപ്പില്‍  എം.എസ് ധോണി നയിച്ച ഇന്ത്യയെ സമനിലയില്‍ പൂട്ടാനും  ശ്രീലങ്കയെ തോല്‍പ്പിക്കാനും അഫ്ഗാന്‍ പടയ്ക്ക് കഴിഞ്ഞു.