ടിപ്സ് പറഞ്ഞു കൊടുത്തും കുരുന്നുകളോട് സംവദിച്ചും തിരക്കിൽ മാസ്റ്റര്‍ ബ്ലാസ്റ്റർ

പോരാട്ടച്ചൂട് നിറഞ്ഞ ക്രീസിനോട്  വിടപറഞ്ഞ് വര്‍ഷങ്ങളായെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് ഓര്‍ക്കാതെ സച്ചിന് ജീവിക്കാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തലമുറയ്ക്ക്  അറിവ് പകര്‍ന്നു കൊടുക്കുന്നതിന്റെ തിരക്കിലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിപ്പോള്‍.

വൈവിധ്യം കൊണ്ട് സമ്പന്നമായ ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന ജനത ക്രിക്കറ്റ് എന്ന ഒറ്റ മതത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയത് സച്ചിനെന്ന മനുഷ്യന്‍ ക്രീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചപ്പോഴായിരുന്നു. ആ ക്രിക്കറ്റ് ദൈവത്തില്‍ നിന്ന് തന്നെ ജെന്റില്‍ മെന്‍സ് ഗെയിമിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഈ കുട്ടികള്‍. 

ടിപ്സ് പറഞ്ഞു കൊടുത്തും കുരുന്നുകളോട് സംവദിച്ചും അവരിലൊരാളായി സച്ചിനും. ക്രിക്കറ്റിനെ ഇത്രമേല്‍ സ്നേഹിക്കുന്ന കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയെന്നത് മനോഹരമായ അനുഭവമാണെന്ന് സച്ചിന്റെ സാക്ഷ്യപ്പെടുത്തല്‍.

തന്റെ സഹ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് അക്കാദമയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായാണ്  സച്ചിന്‍ എത്തിയത്. 9 നും 14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.