1,2,3..ക്യാച്ചുകൾ കൈവിട്ട് ആർച്ചർ, അരിപ്പയാണോ; ട്രോൾ

ഒരു ക്യാച്ച് കൈവിട്ടാൽ അതു മതി കളിയുടെ ഗതി തിരിയാൻ. പ്രത്യേകിച്ചും 20 ട്വന്റി ക്രിക്കറ്റിൽ. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ മൂന്നു ക്യാച്ചുകളാണ് കൈവിട്ടത്. കളി റോയൽസ് ജയിച്ചെങ്കിലും താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്. ഇതെന്താ അരിപ്പയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. 

മുംബൈയുടെ ഓപ്പണർ ക്വിന്റൺ ഡികോക്കിനെയാണ് ആദ്യം കൈവിട്ടത്. ശ്രേയസ് ഗോപാലായിരുന്നു ബോളർ. ക്യാച്ച് ആർച്ചർ കളയുമ്പോൾ വെറും ഒരു റൺസായിരുന്നു ഡികോക്കിന്റെ സമ്പാദ്യം. പിന്നീട് തകർത്തടിച്ച് കളിച്ച ഡികോക് 65 റൺസെടുത്ത് ടീമിന് മികച്ച അടിത്തറ നൽകി

പതിനേഴാം ഓവറിൽ ജയദേവ് ഉനദ്ഘട്ടിന്റെ ഓവറിലായിരുന്നു അടുത്ത പിഴവ്. ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ലഭിച്ച അനായാസ ക്യാച്ചും ആർച്ചർ നിലത്തിട്ടു. പിന്നീട് പാണ്ഡ്യ 21 റൺസെടുത്തു. 

പത്തൊൻപതാം ഓവറിൽ വീണ്ടും പിഴച്ചു. ഉനദ്ഘട്ട് തന്നെയായിരുന്നു നിർഭാഗ്യവാനായ ആ ബോളർ. ലോങ് ഓണിൽ ക്യാച്ച് പാഴായി. തുടരെയുള്ള പിഴവുകളിൽ ഉനദ്ഘട്ട് നിരാശ പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.