റിഷഭ് പന്തിനെ പുറത്താക്കിയ മുതിര്‍ന്ന താരം ആര്? ടീം സിലക്ഷനിൽ സംഭവിച്ചത്

ഒന്നും രണ്ടും മിനിറ്റല്ല ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിലക്ഷന്‍ കമ്മിറ്റി എടുത്തത്. ഒന്നര മണിക്കൂര്‍ ചര്‍ച്ചയില്‍ ആദ്യഭാഗം പന്തിന് അനുകൂലം ആയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്ത് കാര്യങ്ങള്‍ തകിടം മറിഞ്ഞു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം എ ഗ്രേഡ് നല്‍കി ബിസിസിഐ ആദരിച്ച പന്തിനെ ഇന്ത്യന്‍  ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്ന താരമാണ് പുറത്താക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

പന്തിന് പ്രതികൂലമായത് എന്ത്?

21കാരനായ റിഷഭ് ഏകദിനത്തിലും ടെസ്റ്റിലും കളികൊണ്ടും വാചക കസര്‍ത്തുകൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്നപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ പന്ത് എത്തുമെന്ന് കരുതി. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. ലോകകപ്പിനുള്ള ടീമില്‍ ധോണി മാത്രം മതി വിക്കറ്റ് കീപ്പര്‍ എന്നൊക്കെ പലകോണുകളില്‍ നിന്നും ശബ്ദം ഉയര്‍ന്നിരുന്നു. പക്ഷെ ചെറുപ്പക്കാരനായ പന്ത്   ബാറ്റിങ്ങിലെ ഏത് പൊസിഷനിലും ഉപയോഗിക്കാന്‍ പറ്റുന്നതാരമായതിനാല്‍ ടീമിലെത്തുമെന്ന് കരുതി. 

സിലക്ഷന്‍ കമ്മിറ്റിയിലെ അഞ്ചുപേരും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ പന്ത് ടീമിലെത്തണമെന്നായിരുന്നു ചര്‍ച്ച. ധോണി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടീമിലുണ്ടെങ്കിലും ബാറ്റ്സ്മാനായി ടീമില്‍ ഇടം നേടാന്‍ കഴിവുള്ളതാരമായി പന്തിനെ വിലയിരുത്തി. ഒപ്പം ചെറുപ്പക്കാരനെന്ന പ്ലസ് പോയിന്റും. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇന്ത്യന്‍ ടീമിലെ ഒരു മുതിര്‍ന്ന താരത്തിന്റെ അനിഷ്ടം പന്തിനെതിരെ തിരിയാന്‍ സിലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചു. 

പന്തിന്റെ വിക്കറ്റ് കീപ്പിങ് മോശമാണെന്നും ധാരാളം ബൈ റണ്‍സുകള്‍ വിട്ടുകൊടുക്കുന്നുവെന്നും ഇത് ടീമിന് തലവേദനയാണെന്നും ദിനേശ് കാര്‍ത്തിക്കിന്റെ അനുഭവ സമ്പത്തും വിക്കറ്റ് കീപ്പിങ്ങിലെ സാങ്കേതികത്തികവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന താരത്തിലൂടെ സിലക്ഷന്‍ കമ്മിറ്റിയിലെത്തി. ഇതോടെ ചര്‍ച്ച പന്തിന് എതിരും കാര്‍ത്തിക്കിന് അനുകൂലവുമായി. 

ആരാണ് ആ മുതിര്‍ന്നതാരം?

സിലക്ഷന്‍ കമ്മിറ്റിയെ വരെ സ്വാധീനിക്കാന്‍ കഴിയുന്ന ആ മുതിര്‍ന്ന താരം ആരെന്നുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലി സിലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ കോഹ്‌ലി ആണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്ന് വ്യക്തമല്ല. പന്തിനെക്കാള്‍ താല്‍പര്യം കോഹ്‌ലിക്ക് കാര്‍ത്തിക്കിനോട് ഉള്ളതായി സൂചനയില്ല. കോഹ്‌ലിയെ സ്വാധീനിക്കാന്‍ കഴിയുന്ന മുന്‍ ക്യാപ്റ്റന്‍ ധോണിയിലേക്കും സംശയമുന നീളുന്നു. 

റിഷഭ് പന്ത് ടീമിലെത്തുകയും മികവുകാട്ടുകയും ചെയ്താല്‍ ധോണിക്ക് ചിലപ്പോള്‍ പുറത്ത് പോകേണ്ടിവരും. ഇത് പന്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചെന്ന് ചിലരെങ്കിലും കരുതുന്നു. എന്നാല്‍ ടീമില്‍ സ്ഥാനം ഉറപ്പായിരിക്കെ ധോണിക്ക് അതിന് മുതിരേണ്ടകാര്യമില്ല. ബിസിസിഐ ഈയിടക്ക് കളിക്കാരുടെ കരാര്‍ പുതുക്കിയപ്പോള്‍ റിഷഭ് പന്തിന് കോടികള്‍ ലഭിക്കുന്ന ഏറ്റവും ടോപ് ഗ്രേഡ് ആണ് നല്‍കിയത്. അതായത് പന്തിനെ ഭാവിതാരം എന്നുകരുതി തന്നെയാണ് ക്രിക്കറ്റ് ബോര്‍ഡും നിന്നിരുന്നതെന്ന് വ്യക്തം.