ഹാട്രിക് സിക്സ്, ഇരമ്പിയാർത്ത് സ്റ്റേഡിയം; യുവി പഴയ യുവി തന്നെ; വിഡിയോ

ബാറ്റേന്തി യുവരാജ് സിങ് ക്രീസിലെത്തിയാൽ പിന്നെ കാണികൾക്ക് ആഘോഷവേളയാണ്. ആരാധകരെ കോരിത്തരിപ്പിക്കുന്ന ഷോട്ടുകളുമായി ആ ബാറ്റ് ഇളകുമെന്ന് ക്രിക്കറ്റ് ലോകത്തിനറിയാം. 

മുംബൈ ഇന്ത്യൻസ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ മത്സരത്തിലും യുവിയുടെ ബാറ്റിങ് പ്രതാപകാലത്തെ ഓർമിപ്പിച്ചു. തുടർച്ചയായി മൂന്നു സിക്സുകൾ നേടിയാണ് യുവി സ്റ്റേഡിയത്തെ ഇളക്കിമറിച്ചത്. റോയൽ ചലഞ്ചേഴ്സ് താരം യുസ്‌വേന്ദ്ര ചഹാലാണ് യുവിയുടെ ഇരയായത്. പതിനാലാം ഓവറിലെ ആദ്യ മൂന്നു പന്തുകളും വേലിക്കെട്ടിന് പുറത്തേക്ക് പാഞ്ഞു. തന്റെ പഴയ കാല ഷോട്ടുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഓരോ സിക്സും. എന്നാൽ നാലാം പന്തിൽ യുവിയെ ബൗണ്ടറി ലൈനിനരികെ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് പുറത്താക്കി. 12 പന്തുകളിൽ നിന്ന് മൂന്നു സിക്സടക്കം 23 റൺസാണ് യുവി നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ജയിച്ചു. 

നിറംമങ്ങിയ പ്രകടനം യുവരാജിന്റെ വില കുത്തനെ ഇടിച്ചിരുന്നു. 2014 ൽ ഐപിഎൽ ലേലലത്തിൽ 14 കോടിക്കായിരുന്നു താരത്തെ ആർസിബി സ്വന്തമാക്കിയത്. 2015 ൽ ഡൽഹി ഡെയർ ഡെവിൾസ് 16 കോടി രൂപയ്ക്കും സ്വന്തമാക്കി. എന്നാൽ പിന്നീട് താരത്തിന് നല്ല കാലമായിരുന്നില്ല. 2019 ൽ ഒരു ടീമും യുവിയെ വാങ്ങാൻ തയ്യാറാകാതിരുന്നത് വൻ വാർത്താപ്രധാന്യം നേടി. ഒടുവിൽ അടിസ്ഥാന വില നൽകി മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.