സെഡൻപാർക്കിൽ സഡൻ ഡെത്ത്; ധോണി മാജിക്കിൽ കൂടാരം കയറി സീഫർട്ട്; അമ്പരപ്പ്

കൺചിമ്മരുത് ഭൂകമ്പമുണ്ടായാൽ പോലും ചെറുവിരൽ അനക്കരുത്. ധോണി വിക്കറ്റിനു പുറകിലുണ്ടെങ്കിൽ ബാറ്റ്സ്മാൻമാർ പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തമാശയാണിത്. 37 –ാം വയസിലും വിക്കറ്റിനു പിന്നിൽ മഹേന്ദ്രജാലം നടത്തുന്ന മഹേന്ദ്ര സിങ് ധോണിയെന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറുടെ അസാധ്യപ്രകടനത്തിന് ഇന്ന് ഡെഡൻപാർക്ക് വേദിയായി. 

0.999 സെക്കന്റിനുളളിൽ അതിവേഗ സ്റ്റംപിങ്ങ്, ധോണിക്കു മാത്രം പറ്റുന്ന ഒന്ന്. സീഫർട്ടിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല പുറത്തായി എന്ന യാഥാർത്ഥ്യം അംഗീകരിക്കുകയല്ലാതെ. സീഫര്‍ട്ട് 43 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ധോണിയുടെ മിന്നൽപ്പിണർ സ്റ്റംപിങ്. കുൽദീപ് യാദവിന്റെ പന്തിൽ ധോണി സീഫർട്ടിന്റെ കുറ്റി തെറിപ്പിച്ചു. 

ബോളിങ് മാറ്റവുമായി എത്തിയ കുൽദീപ് യാദവിന്റെ മൂന്നാം പന്ത് സീഫർട്ടിന്റെ പ്രതിരോധം തകർത്ത് ധോണിയുടെ കൈകളിലേക്ക്. പന്തു കൈക്കലാക്കിയ ധോണി സ്റ്റംപിളക്കി. സാധാരണ ചടങ്ങുപോലെ അപ്പീൽ എന്നേ എല്ലാവരും കരുതിയുളളു. എന്നാൽ, തേർഡ് അംപയറുടെ പരിശോധനയിൽ ഔട്ട് എന്ന് വ്യക്തമായി.പന്ത് പ്രതിരോധിക്കാനായി ആഞ്ഞ സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു. പന്ത് ലൈനിനകത്തോ പുറത്തോ എന്ന് തീരുമാനിക്കാനാകാത്ത അവസ്ഥ. നീണ്ട നേരത്തെ പരിശോധനയ്ക്കൊടുവിൽ അമ്പയർ ഒൗട്ട് അനുവദിക്കുമ്പോൾ കളിക്കാർക്കും കാണികൾക്കുമൊന്നും അതിശയം വിട്ടുപോയിരുന്നില്ല. പിന്നെ സമാധാനിച്ചു, വിക്കറ്റിനു പിന്നിൽ ധോണിയാണ് ഇതിനപ്പുറവും സംഭവിക്കും.