ആലിയയോടും ദീപികയോടും ഇതേ ചോദ്യം ചോദിച്ചു; ആ അഭിമുഖത്തിന്റെ ഉടമ പറയുന്നത്

ഒരൊറ്റ നിമിഷത്തെ ബുദ്ധിശൂന്യതയ്ക്ക് വൻ വില കൊടുക്കേണ്ടി വന്ന താരങ്ങളാണ് ഹാർദിക്കും കെഎൽ രാഹുലും. കോഫി വിത്ത് കരൺ എന്ന ടിവി ഷോയിൽ പങ്കെടുക്കുന്ന നിമിഷം വരെ അവർ 'താരങ്ങളായിരുന്നു'. ഷോയിലെ സ്ത്രീവിരുദ്ധ പരാമർശം ഇത്രമാത്രം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നുമില്ല. ലോകകപ്പ് മോഹങ്ങളും ഐപിഎല്ലും തുലാസിലാകുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഇതു വരെ ഒരു ക്രിക്കറ്റ് താരവും നേരിട്ടിട്ടില്ലാത്ത അത്രയും വിമർശനവും നാണക്കേടും നേരിടുകയാണ് ഈ യുവതാരങ്ങൾ. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഷോയിൽ എന്താണ് നടന്നതെന്ന് പരിപാടിയുടെ അവതാരകനായ കരൺ ജോഹർ പ്രതികരിച്ചതുമില്ല. എന്നാൽ ഒടുവിൽ മൗനം ഭേദിക്കുകയാണ് കരൺ ജോഹർ. ഹാർദിക്കും രാഹുലും വിവാദത്തിൽപ്പെട്ടതിന്റെ പരിപൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് തുറന്നു പറയുകയാണ് കരൺ. എന്റെ ഷോ ആയതു കൊണ്ട് തന്നെ പരിപാടി നല്ലതായാലും ചീത്തയായാലും അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കു തന്നെയാണ്. ഇതേ പറ്റി ചിന്തിച്ച് ഒരുപാട് രാത്രികളിൽ എനിക്കു ഉറക്കം നഷ്ടമായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെയാണ് എനിക്കു നികത്താൻ സാധിക്കുകയെന്നും ആരാണ് എന്നെ കേൾക്കുകയെന്ന് ചിന്തിച്ചു കൂട്ടുകയായിരുന്നു ഞാൻ. ഇപ്പോൾ ഇതെല്ലാം എന്റെ നിയന്ത്രണത്തിനും അപ്പുറമായിരിക്കുന്നു. 

ഇരുവരുടെയും പരാമർശം അനാവശ്യമായിരുന്നു. സ്ത്രീകൾ അടക്കമുളള അതിഥികളോട് ഞാൻ സാധാരണയായി ചോദിക്കുന്ന ചോദ്യം തന്നെയാണ് ഇരുവരോടും ഞാൻ ചോദിച്ചത്. ദീപിക പദുക്കോണിനോടും ആലിയ ഭട്ടിനോടും ഈ ചോദ്യം തന്നെ ഞാൻ ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യത്തിന് രാഹുലും പാണ്ഡ്യയും നൽകിയ ഉത്തരം എന്റെ നിയന്ത്രണത്തിനും അപ്പുറമായി പോയി. 

ടിആർപി എന്റെ ലക്ഷ്യമല്ല, ഞാൻ ചെയ്യുന്നത് നന്നാകണമെന്ന ചിന്ത മാത്രമേ എനിക്കുളളൂ. ഞാൻ റേറ്റിങ് ആസ്വദിക്കുകയാണെന്ന വിമർശനം എന്നെ വിഷമിപ്പിക്കുന്നു. അത്തരം ഒരു കാര്യം പറഞ്ഞതിൽ ഇരുവർക്കും അതീവദുഖമുണ്ട്. അവരുടെ പരമാർശത്തേക്കാൾ ഇരട്ടി അവർ ഇപ്പോൾ അനുഭവിച്ചിട്ടുണ്ട്. അവരുടെ പരാമർശം കൈവിട്ടുപോയതാണെന്ന് സമ്മതിച്ച് ഞാൻ ക്ഷമാപണം നടത്തുന്നു– കരൺ ജോഹർ പറഞ്ഞു.

എന്നാൽ എല്ലാവരും കൈകഴുകിയപ്പോൾ രാഹുലിനും പാണ്ഡ്യക്കും പിന്തുണയുമായി എത്തിയത് മാന്യതയുടെ പ്രതിരൂപമായ സാക്ഷാൽ രാഹുൽ ദ്രാവിഡാണ്. ഓരോ കളിക്കാരും ഓരോ ജീവിതസാഹചര്യങ്ങളില്‍ നിന്നുംവരുന്നവരാണ്. ഇത്തരം വിഷയങ്ങള്‍ അമിതമായി വിവാദമാക്കരുത്' നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനായ ദ്രാവിഡ് പറയുന്നു.

'മുതിര്‍ന്ന താരങ്ങളില്‍ നിന്നാണ് യുവാക്കള്‍ പഠിക്കുക. കര്‍ണ്ണാടകയിലെ സീനിയേഴ്‌സില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പരിശീലകരില്‍ നിന്നുമാണ് ഞാന്‍ പലതും പഠിച്ചത്. ആരും പിടിച്ചിരുത്തി എനിക്ക് ക്ലാസെടുത്തു തന്നിട്ടില്ല. നിരീക്ഷിച്ചാണ് പല കാര്യങ്ങളും മനസിലാക്കിയത്. ഡ്രസിംങ് റൂമില്‍ സീനിയേഴ്‌സില്‍ നിന്നാണ് പലകാര്യങ്ങളും നമ്മള്‍ അറിയാതെ തന്നെ പഠിക്കുന്നത്. വിവാദങ്ങൾ മറന്ന ഇരുവർക്കും ഒരു അവസരം കൂടി നൽകണമെന്ന ദ്രാവിഡിന്റെ നിർദ്ദേശം ഇരുവർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.