അക്ഷയ് കുമാറിന് 'കഷ്ടകാലമോ'? രാം സേതുവിന് സമ്മിശ്ര പ്രതികരണം; തുടർച്ചയായ നാലാം പരാജയമോ?

ഈ വർഷം അക്ഷയ് കുമാറിന്റെ മൂന്ന് സിനിമകളാണ് ബോക്സ്ഓഫിസിൽ തകർന്നു വീണത്. അതും തുടർച്ചയായ പരാജയങ്ങൾ. ഇപ്പോഴിതാ ദീപാവലി റിലീസ് ആയി എത്തിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം രാം സേതുവും പരാജയത്തിലേക്ക് നീങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വരുന്നത്. 

രാം സേതുവിന് ബോക്സ് ഓഫിസിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ആഗോളതലത്തിൽ റിലീസായ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 15 കോടി രൂപയാണ്, 150 കോടി രൂപയാണ് മുതൽ മുടക്ക്. ഈ വർഷം പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളിൽ ഭേദപ്പെട്ട പ്രതികരണം കാഴ്ചവച്ച ഒരേയൊരു ചിത്രവും രാം സേതുവാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു.  ദീപാവലി അവധി കണക്കാക്കി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിലെ പ്രേക്ഷകപ്രതികരണം നോക്കിയാകും സിനിമയുടെ ഭാവി നിശ്ചയിക്കാൻ കഴിയുക.

അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന സിനിമയിൽ പുരാവസ്തു ഗവേഷകനായിട്ടാണ് അക്ഷയ് എത്തുന്നത്. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങൾ.

ഈ വർഷം മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കി റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം നേടിയത് 60 കോടി രൂപ മാത്രമായിരുന്നു. മാത്രമല്ല അക്ഷയ് കുമാറിന്റെ കരിയറിലെ വമ്പൻ പരാജയമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്.

ഓഗസ്റ്റിൽ റിലീസ് ചെയ്ത രക്ഷാബന്ധനും കനത്ത പരാജയം നേരിട്ടു. നൂറ് കോടി മുടക്കിയ സിനിമയ്ക്ക് 60 കോടി മാത്രമാണ് കലക്ട് ചെയ്യാൻ കഴിഞ്ഞത്. ഇതിനിടെ രാക്ഷസൻ സിനിമയുടെ റീമേക്കായ കുട്പുത്‌ലി എന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയിരുന്നു.

മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫി, ഓ മൈ ഗോഡ് 2, സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്ക് എന്നിവയാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രങ്ങൾ.

Akshay kumar's Ram Setu box office collection report