വിറപ്പിക്കും വില്ലനായി പൃഥ്വിരാ‍‍‍ജ്; 'ബഡേ മിയാൻ ചോട്ടെ മിയാൻ' ട്രെയിലര്‍ പുറത്ത്

വേറിട്ട വില്ലന്‍ വേഷത്തില്‍ പൃഥ്വിരാ‍‍ജ് സുകുമാരന്‍ എത്തുന്ന ബോളിവു‍ഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ടൈ​ഗർ ഷ്രോഫുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ കബീര്‍ എന്ന വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ട്രെയിലറില്‍ പൃഥ്വിരാജിന്‍റെ മുഖം വ്യക്തമായി കാണിക്കുന്നില്ലെങ്കിലും ട്രെയിലറിന്‍റെ അവസാനഭാഗത്ത് പൃഥ്വിരാജിന്‍റെ മലയാളത്തിലുളള സംഭാഷണം കേള്‍ക്കാം. പൃഥ്വിരാജിന്‍റെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ബഡേ മിയാൻ ചോട്ടെ മിയാൻ. 

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാ‍‍‍ജ്, അക്ഷയ് കുമാര്‍, ടൈ​ഗർ ഷ്രോഫ് എന്നിവര്‍ക്ക് പുറമെ സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ, ദീപ്ശിഖ ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും.

Bade Miyan Chote Miyan Trailer Out Now