വിമര്‍ശകരെ നിശബ്ദരാക്കി; ധോണി ആരാധകര്‍ക്ക് ഐസിസി വക സര്‍പ്രൈസ്

ഓസ്ട്രേലിയയിലെ മിന്നുംപ്രകടനത്തിന്റെ ത്രില്ലടങ്ങും മുന്‍പേ ധോണി ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് നല്‍കി ഐസിസി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജില്‍ ധോണിയുടെ ചിത്രമാണ് കവര്‍ പിക്ച്ചറാക്കിയത്. തന്റെ രക്തത്തിന് മുറവിളി കൂട്ടിയിരുന്ന വിമര്‍ശകരെ നിശബ്ദരാക്കിയാണ് ധോണി ഓസ്ട്രേലിയന്‍ മണ്ണില്‍ മൂന്ന് അര്‍ധസെഞ്ചുറിയടിച്ച് പരമ്പരയിലെ താരമായത്. 

ഏറെക്കാലത്തിന് ശേഷമുള്ള തലയുടെ സൂപ്പര്‍ പ്രകടനം ആരാധകര്‍ ആഘോഷമാക്കി. ഇതിന് പിന്നാലെയാണ് ഐസിസിയും ധോണിയുടെ ചിത്രം കവര്‍ പിക്ചറാക്കിയത്. ഇത് കണ്ടതോടെ കമന്റ് ബോക്സിലേക്ക് ഇരച്ചെത്തിയ ആരാധകപ്പട സന്തോഷം പങ്കുവച്ചു. ‘ഏറ്റവും മികച്ച കവര്‍ പിക്ചര്‍, ധോണിയുടെ ചിത്രം കവര്‍പിക്ചറായി കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു’- ഇങ്ങനെ പോകുന്നു കമന്റുകള്‍. 

ഇന്ത്യയ്ക്കായി 335 ഏകദിനങ്ങളില്‍ മല്‍സരിക്കാനിറങ്ങിയ ധോണി പത്ത്സെഞ്ചുറിയും 70 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. സ്റ്റമ്പിന് പിന്നില്‍ മിന്നല്‍ പിണറായി ധോണി 311 ക്യാച്ചെടുത്തു. 117 സംപിങ്ങും നടത്തി.