വെളളവുമായി ഖലീൽ പിച്ചിലൂടെ എത്തി; പിന്നെ കണ്ടത് കലിപ്പൻ ധോണിയെ; വിഡിയോ

മെല്ലെപ്പോക്ക്, ഇഴഞ്ഞ ഇന്നിംഗ്സ് എന്നെല്ലാം വിമർശിച്ചവരുടെ വായടിപ്പിക്കുന്നതായിരുന്നു ഓസീസിനെതിരായ രണ്ടാം ഏകദിനത്തിനത്തിലെ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. ബെസ്റ്റ് ഫിനിഷൻ ഈ 37–ാം വയസിലും താൻ തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു ധോണിയുടെ ഗംഭീര ഇന്നിംഗ്സ്.

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഏഴ് റണ്‍സ്. ശേഷിക്കുന്നത് ആറ് പന്ത്. നിർണായക ഓവറിലെ ആദ്യ പന്തിൽ തകര്‍പ്പൻ സിക്സറടിച്ച് ധോണി സ്റ്റൈൽ ഫിനിഷിങ്. സിഡ്നിയിൽ കുറ്റപ്പെടുത്തിയവർ അഡ്‌ലെയ്ഡിൽ ധോണിയെ വാഴ്ത്തുന്ന കാഴ്ച. ധോണിയുടെ മെല്ലെപ്പോക്കാണ് ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തോൽക്കാൻ കാരണമെന്ന് വിമർശനമുയർന്നിരുന്നു. 96 പന്തിൽ 51 റൺസെടുത്താണ് ധോണി പുറത്തായത്. എന്നാൽ അഡ്‌ലെയ്ഡിൽ കഥ മാറി. 54 പന്തിൽ 55 റൺസെടുത്ത് ധോണി പുറത്താകാതെ നിന്നു. 

അതിനിടെ ഫീൽഡിങ്ങിൽ എന്നും ശാന്തത കൈവിടാത്ത ധോണി പൊട്ടിത്തെറിക്കുന്നതിനും സ്റ്റേഡിയെ സാക്ഷിയായി. ആദ്യ ഏകദിനത്തിൽ കളിച്ച ഇന്ത്യൻ യുവതാരം പേസർ ഖലീൽ അഹമ്മദാണ് ധോണിയുടെ കലിപ്പ് നേരിട്ടറിഞ്ഞത്. ധോണിയും കാർത്തിക്കും ക്രീസിൽ നിൽക്കുമ്പോൾ വെളളം കൊടുക്കാൻ ഗ്രൗണ്ടിലെത്തിയതായിരുന്നു ഖലീൽ. കാർത്തിക്കിനു വെളളം കൊടുക്കാനായി പിച്ചിലൂടെ ഖലിൽ നടന്നതോടെ ധോണിയുടെ പിടിവിട്ടു. പിച്ചിലൂടെയല്ല അപ്പുറത്തുടെയാണ് നടക്കേണ്ടതെന്ന് ധോണി പറയുകയും ദേഷ്യപ്പെടുകയും ചെയ്തു. പിന്നാലെ ധോണിക്ക് ഹെൽമറ്റ് കൊടുക്കാനായി എത്തിയ യുസേന്ദ്ര ചാഹൽ കലിപ്പൻ ധോണിയെ കണ്ട് ഹെൽമറ്റ് എറിഞ്ഞു കൊടുക്കുന്നതും കാണാവുന്നതാണ്. 

പിച്ചിൽ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരുവാനും ബാറ്റിങ് ദുഷ്കരമാക്കാനും കാരണമാകുമെന്നും പിച്ചിൽ ചവിട്ടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫിൽഡർമാർ പോലും പിച്ച് ചാടിക്കടന്നാണ് പോകുന്നത്.  ബൗളിങ്ങിലെ ഫോളോത്രൂവിൽ ബൗളർക്കു പോലും പിച്ചിലൂടെ നടക്കാൻ അനുവാദമില്ലെന്നും ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷാനടപടിയുണ്ടാകുമെന്നതിനാലാണ് ധോണി ചൂടായത്. സമൂഹമാധ്യമങ്ങളിലും നിരവധിപ്പേർ ധോണിയെ അനുകൂലിച്ചെത്തി. വിട്ടുകളയു ഖലിലെ വല്ലേട്ടന്റെ ശ്വാസനയായി കണ്ടാൽ മതിയെന്നും ഇവർ പറയുന്നു.

രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍‌ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.