പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരായ അന്വേഷണത്തെച്ചൊല്ലി വിവാദം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരായ അന്വേഷണത്തെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന്റെ ചുമതല ലൈംഗികാരോപണം നേരിട്ട ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയെ ഏല്‍പ്പിക്കുന്നതിനെതിരെ ഭരണസമിതി അംഗം ഡയാന എദുല്‍ജിയാണ് രംഗത്തെത്തിയത്.  

സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ലോകേഷ് രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കുമെതിരായ  അന്വേഷണത്തിന്റെ ചുമതല രാഹുല്‍ ജോഹ്രിയെ ഏല്‍പ്പിക്കുന്നതാണ് ബിസിസിഐ ഭരണ സമിതി അംഗം ഡയാനെ എദുല്‍ജിയെ ചൊടിപ്പിച്ചത്. നേരത്തെ ലൈംഗികാരോപണം നേരിട്ട വ്യക്തിയ്ക്ക് അന്വേഷണച്ചുമതല നല്‍കരുത്. ഇത് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുമെന്നും ഡയാന പറഞ്ഞു. അതിനിടെ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാംഏകദിനത്തിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഭരണസമിതി തലവന്‍ വിനോദ് റായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. അന്വേഷണം പ്രഹസനമാകരുതെന്നും സമയമെടുത്തുള്ള കാര്യക്ഷമമായ തുടര്‍നടപടികളുണ്ടാകണമെന്നും എദുല്‍ദി പറഞ്ഞു.

വിനോദ് റായിയും ബിസിസിഐയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന സമിതി സംഭവം അന്വേഷിക്കണമെന്നും എദുല്‍ജി അഭിപ്രായപ്പെട്ടു. ഒരു സ്വാകാര്യ ചാനല്‍ പരിപാടിക്കിടെയാണ് പാണ്ഡ്യയും രാഹുലും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇത് വിവാദമായതോടെ ഹാര്‍ദിക് പാണ്ഡ്യ മാപ്പു പറഞ്ഞെങ്കിലും ബിസിസിഐ നടപടിയെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെിരായ ഏകദിന പരമ്പരയില്‍ നിന്ന് ഇരുവരേയും ഒഴിവാക്കുകയും ഇന്ത്യയിലേക്ക് മടക്കി വിളിക്കുകയും ചെയ്തിരുന്നു.