‘എന്‍റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്തു; ചെളി വാരിയെറിയുന്നു’; കണ്ണുനിറഞ്ഞ് മിതാലി

പരിശീലകൻ രമേശ് പൊവാറിന്റെ ആരോപണങ്ങൾക്ക് വികാരനിർഭരമായ കുറിപ്പെഴുതി മിതാലി രാജ്. ഇതോടെ വനിതാ ടീമിലെ പോര് വ്യക്തതയോടെ പുറലോകത്തേക്ക് എത്തുകയാണ്. 

എന്റെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു അത്. എനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ ആഴത്തിലുള്ള ദുഖവും വേദനയുമാണ് തന്നത്. ക്രിക്കറ്റിനോടുള്ള ആത്മാർഥതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇരുപത് വർഷമായി ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്നു. അവിടേക്ക് എത്താൻ വേണ്ടി നടത്തിയ പരിശ്രമങ്ങളും ഒഴുക്കിയ വിയർപ്പും നിഷ്ഫലമായി. 

ഇന്ന് എന്റെ ദേശസ്നേഹത്തിൽ അവർ സന്ദേഹം കാണിക്കുന്നു, എന്റെ കഴിവുകളെ ചോദ്യം ചെയ്യുന്നു. എല്ലാ ചെളിവാരിയെറിയലും എന്റെ മുകളിൽ പതിക്കുന്നു. അതെ, എന്റെ ജീവിതത്തിലെ ഇരുളടഞ്ഞ ദിവസങ്ങളാണിത്. എല്ലാ സഹിക്കാനുള്ള ശക്തി ദൈവം തരട്ടേ– വികാരഭരിതയായി മിതാലി രാജ് ട്വിറ്ററിൽ കുറിച്ചു.

മിതാലി രാജിനെ കൈകാര്യം ചെയ്യാൻ പാടാണെന്നും എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമാണെന്നും വനിത ക്രിക്കറ്റ് ടീം പരിശീലകൻ രമേഷ് പൊവാർ ബിസിസിഐയുടെ മുന്നിൽ വിശദീകരിച്ചു.  ഈ ആരോപണങ്ങൾക്കാണിപ്പോൾ മിതാലി ട്വിറ്ററിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. 

മിതാലിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നില്ലെന്നു കൂടിക്കാഴ്ചയിൽ രമേഷ് പൊവാർ പറഞ്ഞതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. അതേസമയം, മിതാലിയെ സെമി കളിച്ച ടീമിൽനിന്ന് ഒഴിവാക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളുടെ പേരിൽ മാത്രമാണെന്നും പൊവാർ അവകാശപ്പെട്ടു. ടൂർണമെന്റിലെ മോശം സ്ട്രൈക്ക് റേറ്റാണ് മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കാൻ കാരണമായി പൊവാർ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊവാർ ബിസിസിഐക്കു മുന്നിൽ വെളിപ്പെടുത്തി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തയായ ഓപ്പണര്‍. സ്ഥിരതയുടെ പര്യായം. നാട്ടിലും വിദേശത്തും മികച്ച റെക്കോര്‍ഡുള്ള പരിചയസമ്പന്നായായ താരം. വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍– ഇത്രയും യോഗ്യതകളുള്ള താരത്തെയാണ് ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി20 സെമി ഫൈനലിൽ നിന്നും ഒഴിവാക്കിയത്. ആരാധകർക്കും മിതാലിയ്ക്കും ഒരുപോലെ നിരാശയുണ്ടാക്കിയ തീരുമാനമായിരുന്നു ഇത്. കളിയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെടത്തോടെ രോഷം അണപൊട്ടി. പരിശീലകൻ തന്നെ അവഗണിച്ചെന്നും ആത്മവിശ്വാസം തകർത്തെന്നും മിതാലി ബിസിസിഐക്ക് നീണ്ട കത്ത് സമർപ്പിച്ചിരുന്നു. ഈ കത്ത് ചോർന്നതോടെയാണ് വിവാദം പുറംലോകത്തേക്ക് എത്തുന്നത്. രമേശ് പൊവാറിനോട് വിശദീകരണം തേടിയപ്പോൾ കൃത്യമായ മറുപടി പറയാൻ ഇല്ലാതിരുന്നതും വിവാദത്തിന്റെ ആക്കം കൂട്ടി.