വിരമിച്ചത് ധോണി കാരണമല്ല; അത് മാധ്യമങ്ങൾക്കു കൊടുത്ത തീറ്റ; വെളിപ്പെടുത്തി ലക്ഷ്മൺ

എംഎസ് ധോണിയും വിവിഎസ് ലക്ഷ്മണുമായി സ്വരച്ചേർച്ചയിലല്ല എന്ന മട്ടിലുള്ള വാർത്തകൾ മാധ്യമങ്ങളില്‍ ധാരാളം പ്രചരിച്ചിരുന്നു. വാർത്തകൾക്കു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മൺ. ആത്മകഥയിലാണ് താരം പ്രചരിച്ച വാർത്തകൾക്കു പിന്നിലെ സത്യം വെളിപ്പെടുത്തിയത്. 

''ഞാൻ വിരമിക്കുകയാണെന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ ചോദ്യങ്ങൾ വന്നു, ''ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചോ? ധോണിയോട് സംസാരിച്ചോ? ''ധോണിയെ കിട്ടുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്ന് ഞാൻ പറഞ്ഞു. അത് എൻറെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ വിവാദമാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 

ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. അറിയാതെ ഞാനവര്‍ക്കുള്ള തീറ്റ കൊടുക്കുകയായിരുന്നു. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഞാൻ വിരമിച്ചത് എന്നു വരെ വാർത്തകൾ പരന്നു. 'വിവിഎസ് വേദനിച്ചുകൊണ്ട് വിരമിച്ചു' എന്നായിരുന്നു ഒരു തലക്കെട്ട്. 

വിരമിച്ച അന്ന് ഞാൻ ഡ്രസിങ്ങ് റൂമിൽ ചെന്നു. എല്ലാവരേയും കണ്ടു, ധോണിയുടെ കൈ പിടിച്ചു. ലക്ഷ്മൺ ഭായ്, വിവാദങ്ങൾ നിങ്ങൾക്കു പരിചയമില്ല, പക്ഷേ എനിക്കതു ശീലമാണ് എന്നാണ് ധോണി പറ‍ഞ്ഞത്. ഇത് മനസിൽ വെക്കരുതെന്നും ധോണി പറഞ്ഞു'', ലക്ഷ്മൺ പറയുന്നു. ധോണിയുടെ ലാളിത്യവും സമ്മർദ്ദ അതിജീവിക്കാനുള്ള കഴിവുമൊക്കെ തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ‌ പറയുന്നു.