ഫെഡററെ അട്ടിമറിച്ച് അലക്സാണ്ടര്‍ സ്വരവ്; എടിപി ഫൈനല്‍സ് ടെന്നിസ് കലാശപ്പോരാട്ടത്തിന് യോഗ്യത

റോജര്‍ ഫെഡററെ അട്ടിമറിച്ച് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരവ് എടിപി ഫൈനല്‍സ് ടെന്നിസ് കലാശപ്പോരാട്ടത്തിന് യോഗ്യതനേടി. കെവിന്‍ ആന്‍ഡേഴ്സനെ സെമിയില്‍ തോല്‍പ്പിച്ച നൊവാക് ജോക്കോവിച്ചാണ് സ്വരവിന്റെ എതിരാളി. കീരീടനേട്ടത്തില്‍ സെഞ്ചുറിനേടാനെത്തിയ റോജര്‍ ഫെഡറര്‍ എ.ടി.പി. ടെന്നിസ് ഫൈനല്‍സിന്റെ സെമിയില്‍ വീണു. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ താരത്തെ അട്ടിമറിച്ചത് 21 കാരന്‍ അലക്സാണ്ടര്‍ സ്വരവ്. ഓപ്പത്തിനൊപ്പം പോരാടിയ ആദ്യ സെറ്റ് 7–5ന് സ്വരവ് സ്വന്തമാക്കി.  

രണ്ടാം സെറ്റ് ടൈബ്രേക്കറിലേയ്ക്ക് . ഫെഡറര്‍ മുന്നില്‍ നില്‍ക്കെ സ്വരവ്  മല്‍സരം നിര്‍ത്താന്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിലേയ്ക്കെത്തിച്ചു. മല്‍സിരത്തിനിടെ ബോള്‍ ബോയുടെ കയ്യില്‍ നിന്ന് പന്ത് താഴെ വീണതായിരുന്നു കാരണം. ടൈബ്രേക്കറില്‍ പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് സ്വരവ് സെറ്റും മല്‍സരവും സ്വന്തമാക്കി. വിമ്പിള്‍ഡന്‍ ഫൈനലിന്റെ തനിയാവര്‍ത്തനമായ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനെ നൊവാക് ജോക്കോവിച്ച് മറികടന്നു . സ്കോര്‍ 6–2,6–2.